അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രം; നിർമ്മാണ പുരോഗതിയെ കുറിച്ച്‌  ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിച്ചു! 2024 ഫെബ്രുവരി 14ന് നടക്കുന്ന ഉദ്ഘാടന ആഘോഷമായ 'ഫെസ്റ്റിവൽ ഓഫ് ഹാർമണി'യുടെ വിശദാംശങ്ങളും അദ്ദേഹം മോദിയുമായി പങ്കുവച്ചു. ന്യൂഡൽഹിയിൽ നടന്ന അരമണിക്കൂർ കൂടിക്കാഴ്ചയിൽ യുഎസിലെ ന്യൂജഴ്‌സിയിലെ റോബിൻസ്‌വില്ലിലുള്ള ബാപ്‌സ് സ്വാമിനാരായണ മന്ദിറിൽ നടന്നുവരുന്ന 'ഫെസ്റ്റിവൽ ഓഫ് ഇൻസ്പിരേഷനെ'ക്കുറിച്ചുള്ള പുതിയ വിവരങ്ങളും കൈമാറി. അബുദാബിയിൽ പണികഴിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ നിർമാണ പുരോഗതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ബാപ്‌സ് ഹിന്ദു മന്ദിർ തലവൻ സ്വാമി ബ്രഹ്മവിഹാരിദാസ് പ്രധാനമന്ത്രിയെ സന്ദർശിച്ചാണ് വിവരങ്ങൾ ധരിപ്പിച്ചത്. വരുന്ന ജനുവരിയിൽ ക്ഷേത്രം വിശ്വാസികൾക്കായി തറന്നുകൊടുക്കുമെന്ന് അധികൃതർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.






    അബുദാബിയിൽ ക്ഷേത്രം പണിയുന്ന സംഘടനയായ ബാപ്‌സ് സ്വാമിനാരായണൻ സൻസ്തയുടെ ആത്മീയ തലവനായ സ്വാമി മഹാരാജിൽ നിന്ന് മോദിക്കുള്ള ആശംസയും ബ്രഹ്മവിഹാരിദാസ് കൈമാറി. കഴിഞ്ഞ മാർച്ചിലും ക്ഷേത്ര അധികാരികൾ മോദിയെ കണ്ട് നിർമാണ പ്രവർത്തന പുരോഗതി അവലോകനം ചെയ്തിരുന്നു.ക്ഷേത്ര നിർമാണം 50 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ത്രി ഡി പ്രിന്റഡ് മാതൃക മോദിക്ക് സമ്മാനിച്ചു.ഹൈന്ദവ ക്ഷേത്രം ആഗോള ഐക്യത്തിനുള്ള ആത്മീയകേന്ദ്രമായിരിക്കുമെന്നും ഉദ്ഘാടന ആഘോഷങ്ങൾ ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇയിലേക്ക് കൊണ്ടുവരുന്ന ഉത്സവമായിരിക്കുമെന്നും ക്ഷേത്ര പ്രതിനിധികൾ അറിയിച്ചു. അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്താണ് വലിയ ശിലാക്ഷേത്രം ഒരുങ്ങുന്നത്.





   2015 ഓഗസ്റ്റിലാണ് അബുദാബിയിൽ ക്ഷേത്രം നിർമിക്കാൻ യുഎഇ സർക്കാർ സ്ഥലം അനുവദിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഭൂമി സമ്മാനിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു തറക്കല്ലിടൽ.പിങ്ക് നിറത്തിലുള്ള മണൽക്കല്ല് കൊണ്ടുള്ള നിർമാണങ്ങൾ 1,000 വർഷത്തിലേറെ കാലം കോടുപാടുകളില്ലാതെ നിലനിൽക്കും. ഉദ്ഘാടന ചടങ്ങിനെയും രജിസ്‌ട്രേഷനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിശ്വാസികൾക്ക് ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് ഡൗൺലോഡ് ചെയ്യുകയോ https://festivalofharmony.ae വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.






  ഫെബ്രുവരി 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ആത്മീയചടങ്ങുകളോടെയാണ് ഉദ്ഘാടനം. ഫെബ്രുവരി 15ന് നടക്കുന്ന പൊതുസമർപ്പണ സമ്മേളനത്തിൽ യുഎഇയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് മുൻകൂർ രജിസ്‌ട്രേഷനിലൂടെ പങ്കുചേരാം. ഉദ്ഘാടന ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ ഉത്സവം ആയിരിക്കുമെന്ന് ക്ഷേത്ര പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Find out more: