കെ സുധാകരന് വീണ്ടും തിരിച്ചടി? അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ! സുധാകരൻറെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിൻറെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയശേഷമാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായുള്ള ബന്ധം വിവാദമായതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് തിരിച്ചടിയായി അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ.  സുധാകരൻറെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവായിരുന്നു ആരോപണം ഉന്നയിച്ചത്. 




   സുധാകരൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇയാൾ ഇക്കാര്യത്തിൽ വിജിലൻസിന് പരാതി നൽകിയത്. കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മാണം, കെ കരുണാകരൻ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കണ്ണൂർ എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.  ജൂൺ ഏഴിന് പ്രശാന്ത് ബാബു നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഈ ഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് തുടർന്നുള്ള തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് വ്യക്തമാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കേസെടുത്തുള്ള തുടരന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 




   കെ കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയിൽ ഉൾപ്പെടെ കെ സുധാകരൻ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പ്രശാന്ത് ബാബു ഉന്നയിച്ച പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് തൻറെ കൈയിൽ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരൻ ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ തന്നെയാണ് തനിക്ക് തെളവുകൾ കൈമാറിയതെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. കെപിസിസി അധ്യക്ഷനായതിന് പിന്നാലെ സുധാകരന് ആദ്യം നേരിടേണ്ടി വന്ന തിരിച്ചടിയായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയിലെ അന്വേഷണം. കെ സുധാകരൻറെ വിശ്വസ്തനും ഡ്രൈവറുമായിരുന്നു പരാതിക്കാരനായ പ്രശാന്ത് ബാബു. 




 1987 മുതൽ 93 വരെ സുധാകരൻറെ ഡ്രൈവറായിരുന്നു ഇയാളെന്നാണ് റിപ്പോർട്ട് പറയുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറായും നഗരസഭാ കൗൺസിലറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൻറെ പേരിൽ സുധാകരൻ പ്രതിരോധത്തിലായ അതേസാഹചര്യത്തിലാണ് അഴിമതി ആരോപണത്തിൽ തുടരന്വേഷണ വാർത്തകളും പുറത്ത് വരുന്നത്. മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൻറെ പേരിൽ കെപിസിസി പ്രസിഡൻറിനെ ലക്ഷ്യമാക്കി കോൺഗ്രസിൽ നീക്കം ശക്തമായതായി റിപ്പോർട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹന്നാൻ രംഗത്തുവന്നിരുന്നു. 

Find out more: