
ഇന്ത്യയും ബംഗ്ലാദേശും ജനാധിപത്യത്തിന് വേണ്ടിയാണ് നിലകൊണ്ടത്. അതിനാൽ രണ്ട് രാജ്യങ്ങളും ഒരുമിച്ച് മുന്നേറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരെയും അദ്ദേഹം അനുസ്‌മരിച്ചു. മാത്രമല്ല ഈ ചടങ്ങിൽ പങ്കെടുക്കാൻ അവസരം തന്നതിനോട് ബംഗ്ലാദേശിനോട് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമാണ്. ഇതുവരെ നാല് പേർ മരിച്ചതായും പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ധാക്കയിലും ചിറ്റഗോങ്ങിലുമാണ് പ്രതിഷേധം തുടരുന്നത്. കൊവിഡ് പ്രതിരോധങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
ബംഗ്ലദേശിന്റെ അമ്പതാമത് സ്വാതന്ത്ര്യദിനഘോഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ ബംഗ്ലദേശ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരും പങ്കെടുത്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ ധാക്കയിൽ വൻ മോദിവിരുദ്ധ പ്രതിഷേധം. ബംഗ്ലാദേശ് സ്വാതന്ത്യത്തിൻ്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് മോദി. എന്നാൽ ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നത് മുസ്ലീം വിരുദ്ധ സമീപനങ്ങളാണെന്നും ഇന്ത്യയുടെ നിലപാടുകൾ ബംഗ്ലാദേശിന് എതിരാണെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
ധാക്കയിലെ പ്രധാനപള്ളിയ്ക്ക് മുന്നിൽ തടിച്ചു കൂടിയ പ്രതിഷേധക്കാരെ തുരത്താനായി പോലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും ഉപയോഗിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രധാനമന്ത്രി മോദിയ്ക്കെതിരെ ഒരു സംഘം ആളുകൾ ചെരിപ്പു വീശി പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ പോലീസിനു നേർക്ക് കല്ലെറിഞ്ഞതായും സംഘർഷ സംഭവങ്ങളിൽ നാൽപതിലധികം പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.