ജയിൽ മോചിതനായി അരവിന്ദ് കെജ്രിവാൾ; ആഘോഷമാക്കി ആം ആദ്മി പാർട്ടി! എഎപി സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥകിനൊപ്പം വസതിയിലേക്ക് പുറപ്പെട്ട കെജ്രിവാൾ യാത്രാമധ്യേ വാഹനത്തിന് മുകളിൽ നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. മുദ്രാവാക്യം മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് കെജ്രിവാളിനെ പ്രവർത്തകർ സ്വീകരിച്ചത്. മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിൽനിന്ന് മോചിതനായി. 50 ദിവസത്തിനു ശേഷമാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. ജയിൽ മോചിതനാകുന്ന കെജ്രിവാളിനെ സ്വീകരിക്കാനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ഉൾപ്പെടെയുള്ള എഎപി നേതാക്കൾ തിഹാർ ജയിലിന് മുൻപിൽ എത്തിയിരുന്നു.
നൂറുകണക്കിന് പാർട്ടിപ്രവർത്തകരും ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. മദ്യനയ അഴിമതിക്കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കടുത്ത എതിർപ്പിനിടെയാണ് സുപ്രീം കോടതി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നുവരെയാണ് ജാമ്യ കാലാവധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ കെജ്രിവാളിന് അനുമതിയുണ്ട്. എന്നാൽ, മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്ന നിർദേശമുണ്ട്. എഎപിക്ക് സ്വാധീനമുള്ള ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പാർട്ടിയുടെ പ്രചാരണം തുടരുന്നത്. മൂന്നു സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിലെ ധാരണപ്രകാരമാണ് എഎപിയുടെ മത്സരം. ഡൽഹിയിൽ നാല് സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്.
കെജ്രിവാളിന്റെ വരവോടെ വർധിതവീര്യത്തോടെ പ്രചാരണം കൊഴുപ്പിക്കാനാകുമെന്നാണ് ഇന്ത്യ സഖ്യം കരുതുന്നത്. അതേസമമയം ജാമ്യം ലഭിച്ചതോടെ അടുത്ത 21 ദിവസം അരവിന്ദ് കെജ്രിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായേക്കും. നിങ്ങൾക്കെല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്ക് അനുഗ്രഹം നൽകി. സുപ്രീം കോടതിയിലെ ജഡ്ജിമാരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അവർ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിലുള്ളത്. സ്വേച്ഛാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണം.
നാളെ രാവിലെ 11 മണിക്ക് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പാർട്ടി ഓഫീസിൽ വാർത്താസമ്മേളനം നടത്തും"- അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എഎപി സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥകിനൊപ്പം വസതിയിലേക്ക് പുറപ്പെട്ട കെജ്രിവാൾ യാത്രാമധ്യേ വാഹനത്തിന് മുകളിൽ നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. മുദ്രാവാക്യം മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് കെജ്രിവാളിനെ പ്രവർത്തകർ സ്വീകരിച്ചത്.
Find out more: