ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു! തുടരന്വേഷണത്തെ ചോദ്യം ചെയ്യാൻ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷ അംഗീകരിച്ച് കോടതി.പ്രതിയായ ദിലീപ് എങ്ങനെയാണ് കേസിൻറെ തുടരന്വേഷണത്തിൽ നിയമപരമായി ഇടപെടുന്നതെന്നും അത് സാധ്യമല്ലെന്നും തൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നും അത് തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമാകുമെന്നും നടി അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻറെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സൂരാജിനേയും ക്രൈബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് തുടരന്വേഷണമെന്നും അതിനാൽ തുടരന്വേഷണമെന്ന സർക്കാർ ആവശ്യം തള്ളി വിചാരണ വേഗത്തിലാക്കണമെന്നാണ് ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഈ ഹർജിയിൽ തന്നെ മൂന്നാം എതിർകക്ഷിയാക്കണമെന്ന നടിയുടെ അപേക്ഷയാണ് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുന്നത്.
കോടതിയിൽ സമർപ്പിച്ച മൊബൈലുകളുടെ ഫോറൻസിക് പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണിത്. ദിലീപിനേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ദിലീപിൻറെ അഭിഭാഷകനായ അഡ്വ. ബി. രാമൻപിള്ളയ്ക്കും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുറം ഫോറൻസിക് ലാബിലായിരുന്നു മൊബൈലുകളുടെ പരിശോധന നടന്നത്. സൈബർ ഫോറൻസിക് ലാബിലെ പരിശോധന ഫലം അന്വേഷണ സംഘത്തിനും ലഭിച്ചിട്ടുണ്ട്, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിൻറെ സഹോദരൻ അനൂപിനെ ഇന്ന് ക്രൈബ്രാഞ്ച് ചോദ്യം ചെയ്യുന്നുമുണ്ട്.
മൊബൈലുകളുടെ പരിശോധന ഫലവും അനൂപിൽ നിന്നുള്ള മൊഴികളും വിലയിരുത്തിയ ശേഷമാകും ദിലീപിൻറെ സഹോദരി ഭർത്താവ് ടിഎൻ സൂരാജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നതെന്നാണ് സൂചന. ഇനിയും ഫോണുകളുടെ കൂടുതൽ പരിശോധന നടത്തേണ്ട ആവശ്യമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ ഫോണുകൾ ബംഗളുരു ഫോറൻസിക് ലാബിലേക്ക് അയക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട ഒരു ഐഫോൺ പ്രതികൾ ഇതുവരെയും സമർപ്പിച്ചിട്ടുമില്ല. എഴ് ഫോണുകളിൽ ആറ് ഫോണുകൾ മാത്രമാണ് കോടതിയിൽ സമർപ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് മാർച്ച് ഒന്നിനാണ് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ സമർപ്പിക്കാനിരിക്കുന്നത്.
Find out more: