വെടിനിർത്തൽ ധാരണ ലംഘിച്ചതിൽ അതൃപ്തി പ്രക്സടിപ്പിച്ചു ട്രംപ്! ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച ട്രംപ് ഇറാനെ ആക്രമിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ധാരണ ലംഘിച്ച ഇറാന് മറുപടി നൽകണമെന്നും ആക്രമണം റദ്ദാക്കാനാവില്ലെന്നും നെതന്യാഹു നിലപാടെടുത്തതായാണ് റിപ്പോർട്ട്. വെടിനിർത്തൽ ധാരണ ലംഘിച്ചതിൽ ഇസ്രായേലിനെയും ഇറാനെയും വിമർശിച്ചു യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് . അവർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്ന് ട്രംപ് രോഷത്തോടെ പറഞ്ഞു.ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചതിനെ തുടർന്നാണ് ടെഹ്രാനിൽ ആക്രമണം നടത്താൻ നിർദേശം നൽകിയതെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്സിൻ്റെ പ്രതികരണം.




വെടിനിർത്തൽ ധാരണ ലംഘിച്ച് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതായും അവ പ്രതിരോധിച്ചതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. അതേസമയം ഇസ്രായേലിൻ്റെ ആരോപണം ഇറാൻ നിഷേധിച്ചു. ഇറാന് മേൽ ബോംബ് വർഷിക്കരുതെന്ന് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. "ഇസ്രായേൽ, ആ ബോംബുകൾ വ‍ർഷിക്കരുത്. അങ്ങനെ ചെയ്താൽ അത് വലിയൊരു ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോൾ തന്നെ തിരികെ വിളിക്കൂ"- എന്നിങ്ങനെയായിരുന്നു ട്രംപിൻ്റെ ആഹ്വാനം. 12 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽവന്ന വെടിനിർത്തൽ ധാരണയെ തുടർന്ന് സ്ഥിതിഗതികൾ അശാന്തമാകുമെന്നായിരുന്നു പശ്ചിമേഷ്യ പ്രതീക്ഷിച്ചിരുന്നത്. ഡൊണൾഡ് ട്രംപായിരുന്നു വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്.




നേരത്തെ, ഇസ്രായേൽ ഇറാനെ ആക്രമിക്കില്ലെന്നും മുഴുവൻ യുദ്ധവിമാനങ്ങളും തിരിച്ചുപോരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ആർക്കും പരിക്കേൽക്കില്ലെന്നും വെടിനിർത്തൽ ധാരണ നിലവിലുണ്ടെന്നുമായിരുന്നു ട്രംപിൻ്റെ ഉറപ്പ്. ഇതിന് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളുടെയും നീക്കം. " ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇസ്രായേലും അത് ലംഘിച്ചു. അതിനാൽ ഞാൻ അവരിൽ സന്തുഷ്ടനല്ല. ഇസ്രായേൽ യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ അസന്തുഷ്ടനാകും. ഇസ്രായേലിനെ ശാന്തമാക്കേണ്ടതുണ്ട്.




വെടിനിർത്തൽ ധാരണ നിലവിൽ വന്നതിന് പിന്നാലെ മുൻപ് കണ്ടിട്ടില്ലാത്ത വിധം ഒരു ലോഡ് ബോംബുകൾ വർഷിച്ചു"- ട്രംപ് പറഞ്ഞു. ഇസ്രായേലും ഇറാനും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത വിധം വളരെക്കാലമായി കഠിനമായി പോരാടുന്ന രണ്ട് രാജ്യങ്ങൾ നമുക്കുണ്ടെന്നും ട്രംപ് തുടർന്നു. ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി വൈറ്റ് ഹൗസിൽനിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.

Find out more: