ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. 

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെ ഒരു സംഘം  വസ്ത്രങ്ങള്‍ വലിച്ചുകീറി വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും ജിഷ്ണുവിന്റെ പല്ലുകള്‍ പൊട്ടിയെന്നും ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഹോക്കി സ്റ്റിക്കും വടികളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാറിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

സംഭവത്തിനുശേഷം കാറിലെത്തിയവര്‍ ക്യാമ്പസില്‍നിന്ന് കടന്നുകളഞ്ഞു. ഇവരെ എത്രയുംപെട്ടെന്ന് പിടികൂടണമെന്നാണ് എസ്.എഫ്.ഐ.യുടെ ആവശ്യം.

Find out more: