എല്ലാ സ്ത്രീകൾക്കുമായി അഞ്ജലി മേനോന്റെ വണ്ടർ വുമൺ! മലയാള ചിത്രമായി പറയാമെങ്കിലും ഭൂരിഭാഗം സംഭാഷണങ്ങളും ഇംഗ്ലീഷിലാണുള്ളത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി ഭാഷകളും ചിത്രത്തിൻ്റെ ഭാഗമാണ്. ഗർഭാവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, നിത്യ മേനോൻ, പാർവ്വതി തിരുവോത്ത്, പത്മപ്രിയ ജാനകിരാമൻ, സയനോര ഫിലിപ്പ്, അമൃത സുഭാഷ്, അർച്ചന പദ്മിനി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'വണ്ടർ വുമൺ' സോണി ലിവിലൂടെ പ്രദർശനം ആരംഭിച്ചു.പോരാത്തതിന് ആകർഷണീയമായ താരനിരയും ചിത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാനാകുന്ന ഒരു ചിത്രമല്ല വണ്ടർ വുമൺ. വിവിധ ഭാഷകളുടെ മിശ്രിതമായി എത്തിയ ട്രെയിലർ കണ്ടവർക്ക് ചിത്രത്തിൻ്റെ സ്വഭാവം നന്നായി മനസ്സിലായിക്കാണും. ചിത്രത്തിൽ എന്താണ് ഉള്ളതെന്ന വ്യക്തമായ ധാരണയോടെ കാണാൻ ശ്രമിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.





  ഇനി സാധാരണ സിനിമകൾ പ്രദാനം ചെയ്യാറുള്ള വിനോദമാണ് ലക്ഷ്യമെങ്കിൽ ഗർഭിണികളൊഴികെ ബാക്കിയുള്ളവർ ഈ വഴിയിലൂടെ പോകേണ്ടതില്ല.ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങൾക്ക് ശേഷമെത്തുന്ന അഞ്ജലി മേനോൻ സിനിമയെന്ന രീതിയിൽ 'വണ്ടർ വുമൺ' ചെറുതല്ലാത്ത പ്രതീക്ഷകൾ നൽകിയിരുന്നു. ഗർഭിണികളായ കുറച്ച് കഥാപാത്രങ്ങളിലൂടെ ആ ഘട്ടത്തിൻ്റെ പ്രത്യേകതകളും, ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങളും, നയിക്കേണ്ട ജീവിതചര്യയും, സ്വീകരിക്കേണ്ട മുൻകരുതലും മറ്റും പങ്കുവയ്ക്കുന്ന ചിത്രം വിഭിന്നരായ സ്ത്രീകളുടെ പൊതുവായ വികാരത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീപക്ഷം പറയുന്ന പതിവ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായാണ് അഞ്ജലി മേനോൻ തൻ്റെ പുതിയ ചിത്രം ഒരുക്കിയത്.





   ഒരു ഗർഭിണിയായ സ്ത്രീ ഏതൊക്കെ അവസ്ഥകളിലൂടെ കടന്നുപോകുന്നുവെന്നും, അവരുടെ യാത്രയിൽ കുടുംബാംഗങ്ങളുടെ പിന്തുണ എത്രത്തോളം ആവശ്യമാണെന്നും ചിത്രം വ്യക്തമാക്കുന്നു.നോറ, മിനി, വേണി, സായ, ഗ്രേസി, ജയ എന്നിങ്ങനെ അവിടെയെത്തിയവരൊക്കെ സ്വഭാവത്താലും, ഭാഷയാലും, പ്രായത്താലും, ജീവിത സാഹചര്യങ്ങളാലും വ്യത്യസ്തരാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകണമെന്ന പൊതുവായൊരു ആഗ്രഹമാണ് അവരെ ഓരോരുത്തരേയും സുമനയിലേക്ക് എത്തിച്ചത്. ആ ആഗ്രഹത്തിനൊപ്പം ചില സംശയങ്ങളും ആശങ്കകളും മാത്രമാണ് അവർക്ക് പൊതുവായി ഉണ്ടായിരുന്നത്. സുമനയിലെ കൂടിച്ചേരൽ അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിലൂടെ കണ്ടറിയേണ്ടത്.ഗർഭകാല പരിചരണത്തേക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമായി 'സുമന'യെന്ന വീട്ടിലേക്ക് എത്തുന്ന ഒരുകൂട്ടം ഗർഭിണികളുടേയും അവരുടെ പരിശീലകയായ നന്ദിതയുടേയും കഥയാണ് ചിത്രത്തിലുള്ളത്. പല ഭാഷകളിലുള്ള സംഭാഷണങ്ങൾ ഒരേ സിനിമയിൽ വരുന്നതിൽ പുതുമയുണ്ട്, എന്നാൽ അതിനേക്കാളുപരി സിനിമയെ യഥാർത്ഥ ജീവിതത്തോട് ചേർത്തു നിർത്താൻ അത് സഹായിച്ചു.






  പക്ഷേ, തിരക്കഥയിൽ മിക്കയിടത്തും കൃത്രിമത്വം നിഴലിക്കുന്നു. സുമനയിലെത്തുന്ന ഗർഭിണികളായ സ്ത്രീകൾക്ക് പുറമേ അവരുടെ ഭർത്താക്കന്മാരും, കുടുംബവും ഒക്കെയായി ചിത്രത്തിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ടൈറ്റിൽസ് അടക്കം ആകെയുള്ള 80 മിനുട്ടുകളൾക്കുള്ളിൽ ഇവരെയൊക്കെ പൂർണ്ണമായും വരച്ചുകാട്ടുക പ്രയാസമാണ്. അതുകൊണ്ട് കഥാപാത്രങ്ങളുടെ പശ്ചാത്തലം വിശദീകരിക്കാൻ സംവിധായിക നടത്തിയിട്ടുള്ള ഏതാനും ശ്രമങ്ങൾ ഫലപ്രദമായി മാറിയതുമില്ല. ഒരു ഫീൽഗുഡ് ചിത്രമായി കണക്കാക്കാമെങ്കിലും, കഥയായി പരിഗണിക്കുമ്പോൾ ഉള്ളിൽ കാര്യമായൊന്നും ഇല്ലാതിരുന്നത് 'വണ്ടർ വുമണി'നെ പിന്നോട്ട് വലിച്ചു.ഒരു കൈക്കുഞ്ഞിനെ എങ്ങനെയാണ് നോക്കേണ്ടതെന്ന് പരിശീലിപ്പിക്കുന്ന ഒരു രംഗം മാത്രമാണ് ചിത്രത്തിൽ ആകർഷകമായി ഒരുക്കിയിരുന്നത്. സംഭാഷണം ഇല്ലാതെ തന്നെ പ്രസ്തുത രംഗത്തിന് ഇമോഷണലായ ക്ലൈമാക്സ് നൽകിയ പാർവ്വതിയുടെ അഭിനയവും പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. 





  നദിയ മൊയ്തു, പത്മപ്രിയ, നിത്യ മേനോൻ, സയനോര ഫിലിപ്പ്, അമൃത സുഭാഷ്, അർച്ചന പദ്മിനി തുടങ്ങിയ അഭിനേതാക്കളെല്ലാം അവരുടെ വേഷങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു. അഭിനേതാക്കളുടെ യഥാർത്ഥ വ്യക്തിത്വത്തോട് സാമ്യം പുലർത്തുന്ന കഥാപാത്രസൃഷ്ടി അവരുടെ ജോലികൾ എളുപ്പമാക്കിയിരുന്നു. സ്ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രവീൺ, പ്രേംനാഥ്, സന്ദേശ് കുൽക്കർണി, ഹാരിസ് സലിം, ശ്രീകാന്ത് കെ വിജയൻ, രാധ ഗോമതി, അജയൻ ആദത് തുടങ്ങിയവർക്കും ശ്രദ്ധ നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു.

Find out more: