പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് സർക്കാർ ചിന്തിക്കണമെന്ന് കെ സുധാകരൻ!vകൊവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ പരീക്ഷകൾ നിർത്തിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിൽ ടിപിആർ നിരക്ക് കുറയാത്തത് സർക്കാർ നടപടികൾ ഫലപ്രദമല്ലാത്തതിനാലാണ്. കൊവിഡിന്റെ പേരിൽ കോടാനുകോടി രൂപ പിരിച്ചിട്ട് പ്രതിരോധത്തിനു വേണ്ടി എന്ത് ചെയ്തുവെന്നും സുധാകരൻ ചോദിച്ചു. പ്രസക്തമായ ചോദ്യം ഉന്നയിക്കുമ്പോൾ പുച്ഛിച്ചിട്ട് കാര്യമില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തികഞ്ഞ ഏകാധിപത്യ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. വാക്സിൻ നൽകിയിട്ടാണ് പരീക്ഷ നടത്തിയതെങ്കിൽ കുഴപ്പമില്ലായിരുന്നു.



    മനുഷ്യത്വത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. തന്റെ സഹോദരൻ കൊവിഡ് ബാധിച്ചാണ് മരിച്ചതെങ്കിലും കൊവിഡ് മരണത്തിന്റെ കണക്കിലില്ല. അദ്ദേഹത്തിന്റെ ആശ്രിതർക്ക് സഹായം ആവശ്യമില്ലെങ്കിലും ഇത്തരത്തിൽ കണക്കിൽ പെടാത്ത ആയിരങ്ങളുണ്ട്. ആശ്രിതർക്ക് സഹായം ലഭിക്കുന്നതിന് സർക്കാർ കണക്ക് പുനഃപരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരിയെയും കൊടി സുനിയെയും സിപിഎമ്മിനു പേടിയാണ്. ആരോപണം വരുമ്പോൾ പുറത്താക്കിയെന്നു വരുത്തുന്നത് ജനങ്ങളുടെ മുൻപിൽ കളിക്കുന്ന നാടകമാണെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ പറഞ്ഞു.



   സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നെന്ന് സുധാകരൻ വ്യക്തമാക്കി. ഗുരുതര ആരോപണങ്ങളാണ് ഇതിൽ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിരുന്നത്. പ്രതികൾ എന്തിന് മുഖ്യമന്ത്രിയെ വീട്ടിൽ പോയി കണ്ടു. പ്രോട്ടോക്കോൾ ലംഘിച്ച് കോൺസൽ ജനറലിനെ എന്തിന് കാണണം. പരിപ്പു കച്ചവടമാണോ, ഉള്ളിക്കച്ചവടമാണോ, തക്കാളിക്കച്ചവടമാണോ നടത്തിയതെന്ന് അറിയാൻ ജനങ്ങൾക്കു താൽപര്യമുണ്ട്. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നെങ്കിൽ ഇക്കാര്യം തുറന്നു പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പി.ജയരാജൻ അഴിമതിക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെങ്കിലും ജയരാജന്റെ നിയന്ത്രണത്തിലുള്ള ഐആർപിസിയുടെ വരുമാന സ്രോതസ് വെളിപ്പെടുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.




    പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്നും കെ.സുധാകരൻ ആരോപിച്ചു. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നിർബന്ധ ബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരൻ പറഞ്ഞു. മുമ്പ് കഴിഞ്ഞ പല പരീക്ഷകളുടെയും ഫലങ്ങൾ വന്നിട്ടില്ല, പരീക്ഷയാണോ വലുത് അതോ ജീവനോ. ഒരു മനുഷ്യത്വമുള്ള സർക്കാർ അത് ചിന്തിക്കണ്ടേ. വിദ്യാർഥികൾക്ക് വാക്സിനേഷൻ ഇനിയും നൽകാൻ സാധിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ എന്തിനാണ് തിരക്കിട്ട് പരീക്ഷ നടത്തുന്നത്. സർക്കാരിന് വാശിയാണ്, ആരോടാണ് വാശിയെന്നും എന്തിനാണ് വാശിയെന്നും സുധാകരൻ ചോദിച്ചു.

Find out more: