നന്ദുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിച്ചിട്ട് മർദ്ദിച്ചു; കടുത്ത ആരോപണവുമായി കുടുംബം! ഓഗസ്റ്റ് പതിനാലിനാണ് 19കാരനായ നന്ദു ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. അതിനിടെ നന്ദു സഹോദരിയുമായി നടത്തിയ അവസാനത്തെ ഫോൺ കോളിൻറെ ശബ്ദരേഖയും പുറത്ത് വന്നു. മുന്ന, ഫൈസൽ എന്നിങ്ങനെ രണ്ട് പേർ തന്നെ മർദ്ദിച്ചുവെന്ന് നന്ദു സഹോദരിയോട്‌ ഫോൺ സംഭാഷണത്തിനിടെ പറയുന്നുണ്ട്. പുന്നപ്രയിൽ യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ആരോപണവുമായി കുടുംബം.ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിക്കുന്നതിനിടെ നന്ദു ട്രെയിനിന് മുന്നിൽപ്പെടുകയായിരുന്നെന്ന് ബന്ധു സജു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.




നന്ദു അപകടത്തിൽപ്പെടുന്നത് കണ്ട ദൃക്‌സാക്ഷിയാണ് സജു. കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപത്തെ പുരയിടത്തിൽ വെച്ച് നന്ദുവും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ തർക്കം ഉണ്ടായി.പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കൾ തന്നെ മർദ്ദിച്ചെന്നും വീട്ടിൽ വന്ന് അവർ അക്രമിക്കുമെന്നും നന്ദു പറയുന്നുണ്ട്. നന്ദുവും കൂട്ടുകാരും അവിടെ തന്നെ വന്നിരുന്നതിനെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായി. നന്ദുവിന്റെ സുഹൃത്തുക്കളെ അവർ മർദ്ദിച്ചത് നന്ദു തടഞ്ഞു. തുടർന്ന് നന്ദുവിനെ മർദ്ദിക്കാനായി അവർ ഓടിച്ചു. ഓടുന്നതിനിടയിൽ നന്ദു ട്രെയിനിന് മുന്നിൽപ്പെട്ടന്നാണ് ബന്ധുവും ദൃക്‌സാക്ഷിയുമായ സജു പറയുന്നത്.




 എന്നാൽ നന്ദുവിനെ മർദ്ദിച്ചവർക്ക് ഡിവൈഎഫ്‌ഐയുമായി ബന്ധമില്ലെന്ന് ജില്ലാ പ്രസിഡൻറ് ആർ. രാഹുൽ പറഞ്ഞു. പോലീസ് അക്രമികളെ എന്ത് കൊണ്ടാണ് കസ്റ്റഡിയിൽ എടുക്കാത്തതെന്നും രാഹുൽ ചോദിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ അടക്കമുള്ള സംഘം നന്ദുവിന്റെ വീടിന് സമീപത്തെ പറമ്പിൽ വന്നിരുന്നു. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും നന്ദുവിന്റെ കുടുംബം ആരോപിക്കുന്നു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും നന്ദുവിന്റെ കുടുംബം ആരോപിച്ചു. 




എന്നാൽ, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പ്രതികരിച്ചു. നന്ദുവിനെ ഉപദ്രവിച്ചവർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നും ഇനി 5 പേരെ കൊല്ലാനുണ്ടെന്ന് പറഞ്ഞതായും സഹോദരി പറഞ്ഞു. അവർ ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞിരുന്നതായും സഹോദരി പറഞ്ഞു.നന്ദുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിച്ച ദിവസം രാത്രി തന്നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

Find out more: