ബലം പ്രയോഗിച്ച് ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം നടക്കുന്നുവെന്നാരോപിച്ചു സിഖ് മത മേധാവി!  പഞ്ചാബിൻ്റെ അതിർത്തി മേഖലകളിലെ ദളിത് വിഭാഗക്കാർക്കിടയിൽ ക്രിസ്ത്യൻ മിഷണറിമാർ ബലം പ്രയോഗിച്ച് മതംമാറ്റം നടത്തുകയാണെന്നും ഇതിനെതിരെ ശിരോമണി ഗുരുദ്വാരാ പർബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രചാരണം നടത്തുമെന്നും അകാൽ തഖ്ത് ജഥേതാർ ജിയാനി ഹർപ്രീത് സിങ് വ്യക്തമാക്കി. പഞ്ചാബിൻ്റെ അതിർത്തിമേഖലകളിൽ ആളുകളെ ബലം പ്രയോഗിച്ച് ക്രിസ്ത്യൻ മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയാണെന്ന ആരോപണവുമായി സിഖ് മതമേധാവി രംഗത്ത്. സിഖ് മതത്തിൻ്റെ മേധാവിയായാണ് അകാൽ തഖ്ത് ജഥേദാറിനെ കണക്കാക്കുന്നത്. നിലവിൽ ഈ സ്ഥാനത്തിരിക്കുന്ന ജിയാനി ഹർപ്രീത് സിങ് ദളിത് സിഖ് വിഭാഗത്തിൽ നിന്നുള്ളയാളാണ്.




  അമൃത്സർ സുവർണക്ഷേത്രത്തിലും അകാൽ തഖ്തിലും ദളിത് വിഭാഗക്കാർക്ക് പ്രവേശനം അനുവദിച്ചതിൻ്റെ 101-ാം വാർഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും വർഷമായി മതംമാറ്റത്തിനുള്ള ശ്രമങ്ങൾ പ്രദേശത്ത് നടക്കുന്നുണ്ടെന്നും പാവപ്പെട്ട ആളുകളെ പ്രലോഭിപ്പിച്ചും പറ്റിച്ചുമാണ് മതംമാറ്റം നടത്തുന്നതെന്നും അവർ ആരോപിച്ചു. ഇത്തരത്തിൽ നിരവധി റിപ്പോർട്ടുകൾ കിട്ടിയിട്ടുണ്ടെന്നും ജിയാനി ഹർപ്രീത് സിങ് ആരോപിച്ചു.  "മതം ആത്മീയതയുമായി ബന്ധപ്പെട്ടതാണ്. ബലം പ്രയോഗിച്ച് മതം മാറ്റുന്നതോ ആരെയെങ്കിലും പ്രലോഭിപ്പിക്കുന്നതോ നീതീകരിക്കാൻ കഴിയില്ല. ബലം പ്രയോഗിച്ചുള്ള മതം മാറ്റൽ വലിയ പ്രശ്നമാണ്. ഇതിനെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്താൻ എല്ലാവരും എസ്ജിപിസിയുമായി സഹകരിക്കണം.





  " അദ്ദേഹം പറഞ്ഞതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. എസ്ജിപിസിയുടെ പ്രചാരണം രാജ്യവ്യാപകമായിരിക്കുമെന്നും നിലവിൽ പ്രശ്നം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലായിരിക്കും ആദ്യം തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബലം പ്രയോഗിച്ചുള്ള മതംമാറ്റം ചെറുക്കാനായി സമുദായത്തിനുള്ളിൽ വലിയ പ്രചാരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് സിഖ് മതത്തിനെതിരായ കടന്നു കയറ്റാണെന്നും പ്രചാരണത്തിൻ്റെ ഭാഗമായി സിഖ് പുരോഹിതർ ഗ്രാമകങ്ങളിലെത്തി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.  ഗ്രാമീണ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ച ഉയർന്നതോടെ സിഖ് മതത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ എസ്ജിപിസി കാര്യമായ പ്രവർത്തനം നടത്തുന്നില്ലെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിഷണറി മോഡൽ പ്രചാരണവുമായി സിഖ് പുരോഹിതരും രംഗത്തിറങ്ങിയത്. 





  150 സംഘങ്ങളായി തിരിഞ്ഞ് വീടുകൾ കയറിയും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് മതപഠനം നടത്തിയും ഇതിനോടകം തന്നെ പ്രചാരണ പരിപാടികൾ ആരംഭിച്ചെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആളുകളിലേയ്ക്ക് സിഖ് മതത്തെപ്പറ്റിയുള്ള വിവരങ്ങൾ കടുതലായി എത്തിക്കുന്നതിനു പുറമെ യുവതലമുറയിൽ മതത്തെപ്പറ്റിയും പാരമ്പര്യത്തെപ്പറ്റിയും അഭിമാനബോധമുണ്ടാക്കാനും പുതിയ നീക്കം സഹായിക്കുമെന്നാണ് ഇവർ കരുതുന്നത്. അതേസമയം, ഗ്രാമീണ മേഖലയിലെ ദളിത് വിഭാഗക്കാർക്കിടയിലെ നിരക്ഷരതയും ദാരിദ്ര്യവുമാണ് മതംമാറ്റം എളുപ്പമാക്കുന്നതെന്ന് ദളിത് ആൻ്റ് മൈനോരിറ്റീസ് ഓർഗനൈസേഷൻ പഞ്ചാബ് തലവൻ ഡോ. കശ്മീർ സിങ് അഭിപ്രായപ്പെട്ടു. മതം മാറിയാൽ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം എളുപ്പമാകുമെന്നാണ് ദളിതരോട് അവർ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷണറിമാർ ഇതിനായി ദളിതരുടെ വീടുകൾ കയറിയിറങ്ങുന്നു. എന്നാൽ എസ്ജിപിസിയുടെ ഭാഗത്തു നിന്ന് ഇത്തരം ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Find out more: