ബിജെപിയുടെ ആശയത്തെക്കുറിച്ച് എന്തറിയാം: പിപി മുകുന്ദൻ! അബ്ദുള്ളക്കുട്ടി നേതാവാകുമായിരിക്കും. പക്ഷേ ബിജെപിയുടെ ആശയത്തെക്കുറിച്ച് എന്തറിയാമെന്ന് അദ്ദേഹം ചോദിച്ചു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേതൃത്വത്തിൻറെ തീരുമാനത്തിനെതിരെയും നേതാക്കൾക്കെതിരെയും പി പി മുകുന്ദൻ വിമർശനങ്ങൾ ഉന്നയിച്ചത്. മറ്റുപാർട്ടികൾ വിട്ട് ബിജെപിയിലെത്തുന്ന നേതാക്കൾക്ക് പദവികൾ നൽകുന്ന രീതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബിജെപി നേതാവ് പിപി മുകന്ദൻ. ആർഎസ്എസ് പോലെ ഒരു സംവിധാനം ഉണ്ടായിട്ടും എന്തു കൊണ്ട് പാർട്ടിയെ നേരായ വഴിയിൽ നയിക്കാൻ സാധിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെക്കുറിച്ചും മറ്റ് പാർട്ടികളിൽ നിന്നെത്തുന്നവർക്ക് നൽകുന്ന പദവികളെക്കുറിച്ചും മുകുന്ദൻ സംസാരിച്ചത്.
അൽഫോൻസ് കണ്ണന്താനം, ടോം വടക്കൻ, അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കൾക്ക് ലഭിച്ച പദവികൾ ചൂണ്ടിക്കാട്ടിയാണ് മുതിർന്ന നേതാവിൻറെ വിമർശനം. കണ്ണികൾ പൊട്ടിപ്പോകുന്നു. തിരുത്തിക്കൊണ്ടു വരുന്നതിൽ ഉന്നത നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും വലിയ പങ്കുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ മൂന്നു ലക്ഷം വോട്ട് ബിജെപിക്ക് കുറഞ്ഞെന്നും മുകുന്ദൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. ബിജെപി വിട്ട് പോകുന്ന രീതി പണ്ടൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ വളരെ അധികം ആളുകൾ ഇന്നു പ്രസ്ഥാനത്തെ ഉപേക്ഷിക്കുകയാണെന്നും മുകുന്ദൻ പറഞ്ഞു. അവരെല്ലാം നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
35 സീറ്റു കിട്ടിയാൽ ഭരിക്കുമെന്നും ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കുമെന്നും പറഞ്ഞാൽ ഏതു പ്രവർത്തകൻ വിശ്വസിക്കാനാണ്. ഇന്നലെ വന്ന അൽഫോൻസ് കണ്ണന്താനത്തിനു മന്ത്രിസ്ഥാനവും ടോം വടക്കന് പദവിയും നൽകുമ്പോൾ പ്രവർത്തകർക്ക് ദഹിക്കുമോ? അങ്ങനെയുള്ളവരെ പരിഗണിക്കേണ്ട എന്നല്ല. ടോം വടക്കന് കേരള സമൂഹവുമായി എന്തു ബന്ധമാണുള്ളത്? അദ്ദേഹത്തിന് കഴിവുണ്ടായിരിക്കാം. പക്ഷേ ഈ രീതി പലർക്കും ഉൾക്കൊള്ളാനാകില്ല"- പിപി മുകുന്ദൻ പറഞ്ഞു. ബംഗാളിൽ ബിജെപിയിലേക്കു വന്നവരെല്ലാം തിരികെ പോകുകയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
"നാളെ കേരളം ഭരിച്ചു കളയുമെന്ന വ്യാമോഹമല്ല ബിജെപിയുടെ പ്രവർത്തകരെ പക്ഷേ പ്രസ്ഥാനത്തോട് ചേർത്തു നിർത്തിയത്. അവർക്കുള്ളത് ആശയപരമായ പ്രതിബദ്ധതയാണ്. സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനം കിട്ടിയപ്പോൾ അബ്ദുള്ളക്കുട്ടി തന്നെ കാണാൻ വന്നിരുന്നു.‘സമയമായിട്ടില്ലല്ലോ’ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചോദിച്ചിട്ടും ആവശ്യപ്പെട്ടിട്ടും അല്ലെന്നായിരുന്നു മറുപടി. "പണിയെടുത്തു മുന്നോട്ടു വന്നാൽ നല്ല നേതാവാകും. അബ്ദുള്ളക്കുട്ടി നേതാവാകുമായിരിക്കും. പക്ഷേ ബിജെപിയുടെ ആശയത്തെക്കുറിച്ച് എന്തറിയാം" മുകുന്ദൻ ചോദിച്ചു.
Find out more: