യുക്രൈനിലെ സാഹചര്യം ഭയാനകം'; വിദ്യാർഥിനി വാക്കുകൾ ഇങ്ങനെ! യുദ്ധത്തിൻ്റെ ഭയാനകമായ അന്തരീക്ഷത്തിൽ നിന്നും മകൾ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് ലക്ഷ്മിയുടെ കുടുംബം. യുക്രൈൻ സർക്കാരിൽ നിന്നും യാതൊരുവിധ സഹായവും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇന്ത്യൻ എംബസിയിൽ എത്തിയ ശേഷം മാത്രമാണ് തനിക്കും കൂടെ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമായി തുടങ്ങിയതെന്നും ലക്ഷ്മി പറയുന്നു. യുക്രൈനിൽ മെഡിസിൻ പഠനത്തിനു പോയ പയ്യന്നൂർ അന്നൂർ സ്വദേശി ലക്ഷ്മി കലാധരൻ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയാണ് സുരക്ഷിതയായി അന്നൂരിലെ വീട്ടിൽ തിരിച്ചെത്തിയത്.
വിദേശരാജ്യങ്ങളിലെ വിദ്യാർഥികൾ പോലും ഇന്ത്യയുടെ ദേശീയപതാക ഉപയോഗിച്ചാണ് യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് അവരുടെ മാതൃരാജ്യത്തേക്ക് എത്തിപ്പെടുന്നത്. അത്രത്തോളം ഭയാനകമാണ് യുക്രൈനിലെ നിലവിലെ അവസ്ഥ. ഭക്ഷണവും വെള്ളവും പോലും ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ജീവനും കയ്യിൽ പിടിച്ചുള്ള ആ ദിവസങ്ങളെ ഇപ്പോഴും പേടിയോടെയാണ് ഓർക്കുന്നതെന്നാണ് ലക്ഷ്മി പറയുന്നത്. ഇന്ത്യ ഗവൺമെൻ്റിൻ്റെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് തങ്ങൾ ഇപ്പോൾ ജീവനോടെ ജന്മനാട്ടിൽ തിരിച്ചെത്തിയതെന്ന് ലക്ഷ്മി പറഞ്ഞു.കാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വർഷ മെഡിസിൻ വിദ്യാർഥിനിയാണ് ലക്ഷ്മി.
മൈനസ് 10 ഡിഗ്രി തണുപ്പിൽ 13 മണിക്കൂറോളം കാത്തിരുന്നിട്ടാണ് യുക്രൈൻ അതിർത്തി കടക്കാൻ ലക്ഷ്മിക്കും സഹപാഠികൾക്കും സാധിച്ചത്. ജീവൻ പോലും നഷ്ടപ്പെട്ടു പോയേക്കാവുന്ന നിമിഷങ്ങളായിരുന്നു യുദ്ധമാരംഭിച്ചതിനു ശേഷമുള്ള യുക്രൈനിലെ ദിവസങ്ങളെന്നും ജീവനോടെ തിരികെ എത്തുമെന്ന് തീരെ പ്രതീക്ഷ ഇല്ലായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ഇനിയും നൂറുകണക്കിനു വിദ്യാർഥികളാണ് നാട്ടിലേക്ക് തിരികെ എത്താൻ കാത്തിരിക്കുന്നത്. എന്നാൽ ഇനിയും നൂറുകണക്കിനു വിദ്യാർഥികളാണ് നാട്ടിലേക്ക് തിരികെ എത്താൻ കാത്തിരിക്കുന്നത്.
അതേസമയം യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികർക്ക് കാലാവസ്ഥയെ പ്രതിരോധിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. യുക്രൈനിലെ താപനില ഇനിയും താഴ്ന്നേക്കുമെന്നും കാറ്റിന്റെ ശക്തികൂടി കണക്കിലെടുക്കുമ്പോൾ തണുപ്പ് മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കിൽ കീവ് ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യയുടെ 64 കിലോമീറ്റർ നീളുന്ന സൈനിക കോൺവോയുടെ നീക്കത്തെ അത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് പ്രതിരോധ വിദഗ്ദർ വിലയിരുത്തുന്നത്.
Find out more: