മത വിദ്വേഷ പ്രസംഗം; പിസി ജോർജിന് ജാമ്യം അനുവദിച്ചു! വിദ്വേഷപ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ മുൻ എംഎൽഎ പി സി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിവാദപ്രസംഗത്തിൻ്റെ പേരിൽ പിസി ജോ‍ർജിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ വകുപ്പുകൾ. വിവിധ സമുദായങ്ങൾ തമ്മിൽ സംഘ‍ർഷമുണ്ടാക്കാൻ ശ്രമിച്ചതിനും സമൂഹത്തിൽ ഭീതിയുണ്ടാക്കും വിധം സംസാരിച്ചതിനുമാണ് പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.





   എന്നാൽ പിസിയുടെ അറസ്റ്റിനെതിരെ ഹിന്ദുത്വ സംഘടനകളും തീവ്ര ക്രിസ്ത്യൻ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ പോലീസ് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തതെങ്കിലും പിന്നീട് 295 എ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചതിന് ഐപിസി 153 എ, സമൂഹത്തിൽ ഭീതി വളർത്തുന്ന പരാമർശങ്ങൾ നടത്തിയതിനു 295 എ എന്നീ വകുപ്പുകളാണ് പിസി ജോർജിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടതായി വരും. രണ്ട് വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള വകുപ്പാണ് 295 എ.





  മതത്തിൻ്റെയോ വംശത്തിൻ്റെയോ ജനനസ്ഥലത്തിൻ്റെയോ ജാതിയുടെയോ സമുദായദത്തിൻ്റെയോ പേരിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ളതാണ് 153 എ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലായിരുന്നു പിസി ജോർജിൻ്റെ വിവാദ പരാമർശം. മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടു നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ പിസി ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും കോൺഗ്രസും രംഗത്തെത്തുകയായരുന്നു.




   തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരമാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പിസി ജോർജിനെ ഈസ്റ്റ് ഫോർട്ട് പോലീസ് എ ആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് വഞ്ചിയൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പിസി ജോർജിനു ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും ബിജെപി പ്രവർത്തകർ അടക്കം പ്രതിഷേധവുമായി തമ്പടിച്ചതോടെ നഗരത്തിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വിവിധ സമുദായങ്ങൾ തമ്മിൽ സംഘ‍ർഷമുണ്ടാക്കാൻ ശ്രമിച്ചതിനും സമൂഹത്തിൽ ഭീതിയുണ്ടാക്കും വിധം സംസാരിച്ചതിനുമാണ് പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.

Find out more: