കോൺഗ്രസിനെ തിരിച്ചടിച്ച് ഗാന്ധിചിത്ര വിവാദം! ചിത്രം നിലത്തിട്ടത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന എൽഡിഎഫ് വാദത്തിനു ബലം പകരുന്നതാണ് പോലീസ് നടപടി. രാഷ്ട്രപിതാവിൻ്റെ ചിത്രം നിലത്തിട്ടത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന ആരോപണത്തിൽ പ്രതിരോധത്തിലായ കോൺഗ്രസിന് ഇതുവരെ ഇക്കാര്യത്തിൽ എസ്എഫ്ഐയെ പ്രതിരോധത്തിലാക്കുന്ന തെളിവുകളൊന്നും സമൂഹമധ്യത്തിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും ഗാന്ധി ചിത്രം തകർക്കുകയും ചെയ്തെന്ന ആരോപണവുമായി എസ്എഫ്ഐയ്ക്കെതിരെ യുഡിഎഫ് നേതാക്കൾ തുടർച്ചയായി നടത്തിയ വാദമുഖങ്ങൾക്ക് ഒടുവിലാണ് കേസിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലാകുന്നത്.
ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ വെക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. മുൻ കോൺഗ്രസ് അധ്യക്ഷൻ്റെ ഓഫീസിനു നേർക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് വലിയ വാർത്താ പ്രാധാന്യം നേടി. എന്നാൽ ഓഫീസിലെ ഭിത്തിയിലുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം സമരക്കാർ നിലത്തിട്ടു പൊട്ടിച്ചു എന്നാണ് കോൺഗ്രസ് ഉയർത്തിയ ആരോപണം. ഇതിൻ്റെ ചിത്രവും മാധ്യമങ്ങളിലൂടെയും കോൺഗ്രസ് നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും പുറത്തു വന്നു. രാഷ്ട്രപിതാവിനോടു പോലും അനാദരവ് കാണിക്കുന്നവർ വിദ്യാർഥികളല്ല, ഗുണ്ടകളാണ് എന്നായിരുന്നു വിഡി സതീശൻ പുറത്തു വിട്ട വീഡിയോയിലെ പരാമർശം. ഷാഫി പറമ്പിൽ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും പ്രതികരണവുമായി എത്തി. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കുന്നില്ല എന്ന് ആരോപിച്ചാണ് രണ്ട് മാസം മുൻപ് വയനാട്ടിലെ എംപി ഓഫീസിലേയ്ക്ക് എസ്എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.
സമരം നടക്കുമ്പോൾ രാഹുൽ ഗാന്ധി ഓഫീസിൽ ഉണ്ടായിരുന്നില്ല. സമരത്തിനു ശേഷം എസ്എഫ്ഐ പ്രവർത്തകർ തിരിച്ചു പോയതിനു പിന്നാലെ പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ ഗാന്ധിയുടെ ചിത്രം ചുവരിൽ ഇരിക്കുന്നത് വ്യക്തമായിരുന്നു. കൂടാതെ ഫയലുകൾ മേശപ്പുറത്ത് ഭദ്രമായി ഇരിക്കുന്നതും കാണാമായിരുന്നു. കൂടാതെ ചില മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളിലും ഈ പൊരുത്തക്കേട് വ്യക്തമായിരുന്നു. ഇതോടെ ഗാന്ധിചിത്രം താഴെയിട്ടത് ഗാന്ധി ശിഷ്യർ തന്നെയാണെന്ന് ആരോപിച്ച് സിപിഎം ആരോപണം കടുപ്പിക്കുകയായിരുന്നു. എന്നാൽ ഗാന്ധി ചിത്രം നിലത്തിട്ടതിൽ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നിൽ കോൺഗ്രസ് നേതാക്കൾ തന്നെയാകാമെന്നും ഇടതു നേതാക്കൾ അന്നു തന്നെ ആരോപിച്ചിരുന്നു.
ഒപ്പം തന്നെ ഗാന്ധി ചിത്രം നിലത്തിട്ടത് എസ്എഫ്ഐ പ്രവർത്തകർ അല്ലെന്നു വ്യകതമാക്കി പോലീസ് റിപ്പോർട്ടും പുറത്തു വന്നു. അതേസമയം, വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടു രോഷത്തോടെയായിരുന്നു പ്രതികരിച്ചത്. ഒടുവിൽ സംഭവം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് കേസിൽ നാല് കോൺഗ്രസ് പ്രവർത്തകർ തന്നെ അറസ്റ്റിലാകുന്നത്. വയനാട് എംപിയുടെ പിഎ അടക്കമുള്ളവർ അറസ്റ്റിലായതോടെ കോൺഗ്രസിന് ദേശീയതലത്തിൽ തന്നെ ഇതു വലിയ തിരിച്ചടിയാണ്.
Find out more: