കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഭൂമിശാസ്ത്രം, കാലാവസ്ഥ സവിശേഷതകൾകൂടി പരിഗണിച്ചുള്ള നിർമാണ രീതിക്ക് ഊന്നൽ നൽകുന്നതാകും മാർഗരേഖ. അതേസമയം മലപ്പുറത്തെ ദേശീയപാത 66ലെ നിർമാണത്തിൽ ഗുരുതരവീഴ്ച്ചകൾ വരുത്തിയ കരാർകമ്പനിയെയും കൺസൾട്ടൻസിയെയും കേന്ദ്രം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പദ്ധതിയുടെ പ്രോജക്ട് മാനേജർ, ടീംലീഡർ എന്നിവരെ സസ്പെൻഡും ചെയ്തു. ദേശീയപാതയിലെ നിർമാണപ്രശ്നങ്ങളും പരാതികളും പരിശോധിക്കാൻ വിദഗ്ധസമിതിയും രൂപീകരിച്ചു. വിവിധ ജില്ലകളിൽ റോഡിലെ വിള്ളലുകൾ ചർച്ചയാകുന്നതിനിടെ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് നിതിൻ ഗഡ്കരി.
ഗോവയിലുള്ള മന്ത്രി ഡൽഹിയിൽ എത്തിയാൽ ഉടൻ യോഗം ചേരുമെന്നാണ് റിപ്പോർട്ട്. റോഡ് നിർമാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും യോഗത്തിൽ വിദഗ്ധരും പങ്കെടുക്കും.കഴിഞ്ഞദിവസം കണ്ണൂർ പയ്യന്നൂരിലും നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ വിള്ളൽ റിപ്പോർട്ട് ചെയ്തു. കോത്തായിമുക്കിനും പുതിയങ്കാവിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. കുപ്പമടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ മണ്ണിടിച്ചിലടക്കമുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. സംസ്ഥാനത്ത് കാലവർഷം ആരംഭിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചിലയിടത്ത് നിർമാണം പൂർത്തിയായെങ്കിൽ മറ്റുപലയിടത്തും പണി പാതിവഴിയിലാണ്. വെള്ളക്കെട്ടുകളും വലിയ കുഴികളുമൊക്കെ ചേർന്ന് മഴക്കാലത്ത് യാത്ര ദുരിതപൂർണ്ണമാകുമോ എന്ന ആശങ്കയിലാണ് കേരളം.
മലപ്പുറം കൂരിയാട് നിർമാണത്തിലിരിക്കുന്ന ഭാഗം ഇടിഞ്ഞുവീണതിന് പിന്നാലെയാണ് കോഴിക്കോട് കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ ദേശീയപാതയിൽ വിള്ളലുകൾ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടം - കാരോട് ബൈപാസിലെ പണി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് പാതയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. തെക്കൻ കേരളത്തിൽ നിന്ന് പുറത്തുവന്ന ഇത്തരത്തിലുള്ള ആദ്യ റിപ്പോർട്ടായിരുന്നു ഇത്.
click and follow Indiaherald WhatsApp channel