നിലമ്പൂർ വോട്ടെണ്ണൽ; 19 ടേബിളുകൾ, 123 ഉദ്യോഗസ്ഥർ, തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ!  രാവിലെ 7:30ന് സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോങ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 75.27 ശതമാനം പോളിങ്ങായിരുന്നു ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ 23ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. 14 ടേബിളുകളിലായി 19 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ, ഇടിബിഎസ് ഉൾപ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകളും എണ്ണും.





തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജൻ്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക. ജൂൺ 19 ന് നടന്ന നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 2,32,057 വോട്ടർമാരിൽ 1,74,667 പേർ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടർമാരിൽ 81,007 ഉം 1,18,750 സ്ത്രീകളിൽ 93,658 ഉം എട്ട് ട്രാൻസ്‌ജെൻഡേഴ്‌സിൽ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. വോട്ടെണ്ണലിന് 29 വീതം കൗണ്ടിങ് സൂപ്രവൈസർമാർ, കൗണ്ടിങ് അസിസ്റ്റൻ്റുമാർ, മൈക്രോ ഒബ്‌സർവർമാർ, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് എആർഒമാരെയും കൗണ്ടിങിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ നേതൃത്വത്തിൽ ആകെ 123 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് നിയോഗിച്ചത്.





കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ഇവിടെ കനത്ത ഏർപ്പെടുത്തിയിട്ടുണ്ട്. ഫോം 17 ൻ്റെ സൂക്ഷ്മ പരിശോധനയും കൗണ്ടിങ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷനും ജില്ലാ കളക്ടർ വിആർ വിനോദ്, വരണാധികാരി അപൂർവ ത്രിപാഠി, രാഷ്ട്രീയ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിൽ പൂർത്തിയായി. നിലവിൽ വോട്ടിങ് മെഷീനുകൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്‌ട്രോങ് റൂമിൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൻ്റെയും സംസ്ഥാന ആംഡ് പോലീസിൻ്റെയും 24x7 ദ്വിതല സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്നു.




വ്യാഴാഴ്ച വോട്ടെടുപ്പ് പൂർത്തിയായ ശേഷം 263 പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങൾ ചുങ്കത്തറയിൽ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ്മാർത്തോമാ സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ പൂട്ടി സീൽ ചെയ്തു. മൈക്രോ ഒബ്‌സർവർമാരെയും എആർഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകൾ, EVM-കളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും.

Find out more: