രാജ്യതലസ്ഥാനത്തെ അക്രമത്തിൽ കർഷക സംഘടനകൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ അറുപത് ദിവസമായി സമാധാനപരമായിട്ടാണ് കർഷകർ സമരം നടത്തിയത്. രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കർഷക റാലിക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആളുകളെ ഞങ്ങൾക്കറിയാമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായിത് പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം രാജ്യത്തിനാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഹിന്ദിയിൽ കുറിച്ച ട്വീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.കർഷകർ നടത്തുന്ന ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചതോടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി രംഗത്തുവന്നു. ഡൽഹി ഐടിഒയിൽ മരിച്ച കർഷകൻ്റെ മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റിയ കർഷകർ ഡൽഹിയിൽ നിന്ന് മടങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നേതൃത്വം നിർദേശം നൽകിയതോടെയാണ് കർഷകർ മടങ്ങിയത്. 15,000 കർഷകർ ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഘർഷത്തിൽ 83 പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
സംഘർഷത്തിൽ പതിനെട്ടോളം പോലീസുകാരെ ഡൽഹി എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കർഷകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ അഞ്ച് അതിർത്തികളിലും മറ്റ് പരിസര പ്രദേശങ്ങളിലും ഇൻ്റർനെറ്റ് സേവനം നിർത്തിവച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൻ്റെ തീരുമാന പ്രകാരം ഡൽഹിയിൽ അഞ്ച് കമ്പനി അർധസൈനികരെ കൂടി ഡൽഹിയിൽ വിന്യസിക്കും.
ട്രാക്‌ടർ റാലിക്കിടെ ഡൽഹിയിൽ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. "യാഥാർഥ കർഷകർ തലസ്ഥാനത്ത് നിന്നും അതിർത്തിയിലേക്ക് മടങ്ങിപ്പോകണം. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ നേടിയ അംഗീകാരം അക്രമങ്ങൾ നിരാകരിക്കും. ഈ സാഹചര്യത്തിൽ കർഷകർ തിരിച്ച് പോകണമെന്ന് താൻ അഭ്യർഥിക്കുകയാണ്" - എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
click and follow Indiaherald WhatsApp channel