സ്വവർഗാനുരാഗികൾ അക്രമകാരികൾ; വിവാദ പരാമർശവുമായി എംകെ മുനീർ രംഗത്ത്! മതമൂല്യങ്ങളെ തകർക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്നും ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും മുനീർ ആരോപിച്ചിരുന്നു. ലിംഗസമത്വമെങ്കിൽ ആൺകുട്ടി മുതിർന്ന പുരുഷനുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്നും മുനീർ ചോദിച്ചിരുന്നു. ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ സ്വവർഗാനുരാഗികൾക്കെതിരെയും (Homosexuals) വിവാദ പ്രസ്താവന നടത്തി മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. വിവാദ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിലടക്കം ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് സ്വവർഗാനുരാഗികൾക്കെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സ്വവർഗാനുരാഗികൾ അക്രമകാരികളാണെന്ന് മുനീർ ആരോപിച്ചത്. അവർക്കെതിരെ സംസാരിച്ചാൽ അവർ അടിച്ചുപൊളിക്കും. മതങ്ങളൊന്നും തന്നെ സ്വവർഗാനുരാഗത്തെ അംഗീകരിക്കില്ലെന്നും എംകെ മുനീർ പറഞ്ഞു.കഴിഞ്ഞ മാസം കമ്മ്യൂണിസ്റ്റ് ആചാര്യന്മാർക്കെതിരെയും വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. മാക്സിനും ഏംഗൽസിനും ലെനിനുമെതിരെയാണ് മുനീറിന്റെ പരാമർശങ്ങൾ ഉണ്ടായിരുന്നത്. മാർക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യൻ ലോകത്തുണ്ടാവില്ല, മാർക്‌സും എംഗൽസും ലെനിനുമെല്ലാം വഴിവിട്ട ജീവിതം നയിച്ചവർ ആയിരുന്നു എന്നാണ് എംകെ മുനീർ പറഞ്ഞിരുന്നത്.പേരാമ്പ്രയിലെ മുസ്ലീം ലീഗ് വേദിയിലായിരുന്നു മുനീറിന്റെ വിവാദ പരാമർശം.
എൽജിബിടിയെ എതിർത്തതിന് പുരോഗമനവാദികൾ തനിക്കെതിരെ തിരിഞ്ഞുവെന്നും എൽജിബിടിക്കെതിരെ സംസാരിച്ചാൽ ഭ്രാന്തന്മാരാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം "ഹോമോ സെക്ഷ്വാലിറ്റിയുടെ പേരിൽ എത്ര കേസുകൾ നടക്കുന്നുണ്ട്. പോക്സോ കേസുകളൊക്കെ എന്താണ് ശരിക്കും? പോക്സോ കേസുകൾ നിങ്ങൾ എന്തിനാണ് എടുക്കുന്നത്. ഒരു പുരുഷൻ വേറൊരു പുരുഷനുമായി, അല്ലെങ്കിൽ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാ? എടുക്കേണ്ടല്ലോ.
ജെൻഡർ ന്യൂട്രാലിറ്റിയാണ്. അപ്പോ പോക്സോ ആവശ്യം ഉണ്ടോ? ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകൾ ഉണ്ടാകും എന്ന് നമ്മൾ ആലോചിക്കുക. എത്ര പീഡനങ്ങൾ ആൺകുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം" മുനീർ പറയുന്നു.കോഴിക്കോട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻറെ പരിപാടിയിലാണ് മുൻ മന്ത്രിയും എംഎൽഎയുമായ എംകെ മുനീറിൻറെ പരാമർശം. 'കേരള പാഠ്യ പദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ.
Find out more: