
കോൺഗ്രസിനെ തോൽപ്പിക്കുകയാണ് കേരളത്തിൽ ബിജെപിയുടെ ലക്ഷ്യമെന്ന് തുറന്നു പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സംസ്ഥാന രാഷ്ട്രീയത്തിൽ രണ്ടാം സ്ഥാനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കോൺഗ്രസിനെ തോൽപ്പിക്കാതെ ബിജെപിയ്ക്ക് മുന്നോട്ടു വരാനാകില്ലെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാനത്തെ ബിജെപി അണികളിൽ ഭൂരിപക്ഷത്തിനും സിപിഎം വിരുദ്ധ വികാരമാണ് ഉള്ളതെന്നും ഇത് കോൺഗ്രസിനു ഗുണമാകുകയാണെന്നും അദ്ദേഹം പറഞ്ഞൂ. ഈ മനോഭാവം പല ഘട്ടത്തിലും പ്രതികൂലമാകാറുണ്ട്. സിപിഎമ്മിന് അത് ദോഷമാണെങ്കിലും കോൺഗ്രസിന് ഗുണമാണ്. ബിജെപി ഭരണപക്ഷത്തേയ്ക്ക് വരണമെങ്കിൽ രണ്ടാം സ്ഥാനക്കാരൻ ഉണ്ടാകണമെന്നും എങ്കിൽ മാത്രമേ ഒന്നാം സ്ഥാനക്കാരനോടു യുദ്ധം ചെയ്യാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതവും ബിജെപിയുടെ ലക്ഷ്യമാണെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ശബരിമല വിഷയം കേരള രാഷ്ട്രീയത്തിൽ ബിജെപിയ്ക്ക് സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്ന അന്തരീക്ഷമായിരുന്നുവെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. "നിർഭാഗ്യവശാൽ പിണറായിയെ തോൽപ്പിക്കണം എന്നത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം. ബിജെപിയെ ജയിപ്പിക്കുക എന്നതായിരുന്നില്ല.സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനെ ഇല്ലാതാക്കിയാൽ മാത്രമേ ബിജെപിയ്ക്ക് രണ്ടാം സ്ഥാനത്ത് എത്താൻ സാധിക്കൂവെന്നും എങ്കിൽ മാത്രമേ ഒന്നാം സ്ഥാനക്കാരനുമായി യുദ്ധം ചെയ്യാനാകൂ എന്നുമാണ് ബിജെപി നേതാവിൻ്റെ പ്രതികരണം.
" പിണറായി വിജയൻ തോൽക്കണമെങ്കിൽ മികച്ച എതിരാളി കോൺഗ്രസാണ് എന്നായിരുന്നു അന്നത്തെ ചിന്താഗതിയെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, രണ്ടാം സ്ഥാനക്കാരെ ഇല്ലാതാക്കാൻ ഒന്നാം സ്ഥാനത്തുള്ള സിപിഎമ്മിനെ സഹായിക്കുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ബി ഗോപാലകൃഷ്ണൻ്റെ മറുപടി.