പെൺകുട്ടികളുടെ വിവാഹ പ്രായം; എതിർപ്പില്ലെന്ന് ഓർത്തഡോക്സ് സഭ! പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്, പെൺകുട്ടികളുടേയും 21 ആക്കി ഏകീകരിക്കുന്നതിൽ എതിർപ്പില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിലെ കുട്ടികൾ 40 വയസ് ആയാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്ന് മാത്യൂസ് തൃതീയൻ ഫലിതരൂപേണ പറഞ്ഞു. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിൽ എതിർപ്പില്ലെന്ന് ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. സഭാ തർക്കത്തിൽ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ ഇതുവരെ പറഞ്ഞില്ല. ഇക്കാര്യത്തിൽ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




   കോടതി വിധി നടപ്പാക്കാൻ പോലീസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ചിലർ രംഗത്തുവന്നത് സ്ത്രീകൾ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിൻ്റെ നിർണായക ചുവടുവെപ്പാണ് ഇത്. പെൺകുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം നൽകുന്നതിനാണ് വിവാഹപ്രായം 21 ആക്കി ഉയർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന പരിപാടിയിലാണ് വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തെ എതിർക്കുന്നവർക്ക് പ്രധാനമന്ത്രി മറുപടി നൽകിയത്.





  അതേസമയ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ നിലവിൽ സഭയ്ക്ക് അഭിപ്രായമില്ലെന്ന് സിറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞിരുന്നു. 18 വയസ് എന്നത് കനോൻ നിയമപ്രകാരമുള്ള പ്രായമാണ്. സർക്കാർ ഇതിൽ മാറ്റം വരുത്തിയാൽ അതനുസരിക്കുമെന്നും കർദിനാൾ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ മറപിടിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ല് അങ്ങേയറ്റം അപലപനീയവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. ഇന്ത്യ പോലുള്ളൊരു മതേതര ബഹുസ്വര രാജ്യത്ത് വ്യക്തി നിയമങ്ങൾക് ഭരണഘടന സംരക്ഷണം നൽകിയിട്ടുള്ളതാണ്.




  തുടരെ തുടരെ ഒരു ജനതയുടെ വിശ്വാസങ്ങളെയും അവരുടെ സമ്പ്രദായങ്ങളെയും അട്ടിമറിച്ച് ഏകാധിപത്യ സമീപനത്തോടെ ഇത്തരം വിഷയങ്ങൾ കൊണ്ടുവരുന്നത് എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാറിന്റെ ചെയ്തികളെ മറച്ചുപിടിക്കാനല്ലാതെ പിന്നെന്താണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള അജണ്ടകളാണ് ഇവർ നടപ്പിലാക്കുന്നത് .പുതിയ വിഷയങ്ങൾ കൊണ്ടുവന്ന് അതിനെ വർഗീയവൽകരിച്ച് അതു വഴി തിരഞ്ഞെടുപ്പ് വിജയിക്കാം എന്നാണ് ഇവർ കണക്ക്‌ കൂട്ടുന്നത്.അത്തരത്തിലുള്ളൊരു അജണ്ട തന്നെയാണ് പുതിയ ബില്ലിലുമുള്ളത്.




  അത്കൊണ്ട് തന്നെയാണ് രാജ്യത്തെ ഒരു മതേതര കക്ഷിയും ഈ ബില്ലിനെ അനുകൂലിക്കാതെ പോയത്. വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് നേരെയുള്ള ഈ കൈകടത്തലിനെ മുസ്‌ലിം ലീഗ് പാർട്ടി എല്ലാനിലക്കും ചെറുക്കും. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിലൂടെ സംഭവിക്കുന്ന പ്രായോഗിക പ്രശ്നങ്ങളും അരക്ഷിതാവസ്ഥയും സമൂഹത്തിൽ ചർച്ചയാക്കി ഈ ബില്ലിനെ നിയമപരമായും, രാഷ്ട്രീയപരമായും ഞങ്ങൾ എതിർക്കുക തന്നെ ചെയ്യും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Find out more: