കൊറോണ വ്യാപനത്തിൽ പകച്ച് നിൽക്കുന്ന അമേരിക്കയിലെ ന്യൂയോർക്കിൽ മാത്രം ഒറ്റ ദിവസം മരിച്ചത് 562 പേർ.
ഇതോടെ ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏകദേശം 3,000 ആയി. വെന്റിലേറ്റർ, കിടക്കകൾ എന്നിവയുടെ അഭാവം മൂലം ഇനിയും ആയിരങ്ങൾ മരിച്ചേക്കാമെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ അമേരിക്കയിലെ മുഴുവൻ സംവിധാനങ്ങളും ന്യൂയോർക്കിൽ വിന്യസിക്കേണ്ടി വരുമെന്നും ഇവിടുത്തെ ഗവർണർ ആൻഡ്രൂ കുമോ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണത്തിന് തുല്യമായി ന്യൂയോർക്കിലെ മാത്രം മരണം. വൈറസിന്റെ ഏറ്റവും മോശമായ ആക്രമണത്തെ അഭിമുഖീകരിക്കാൻ തങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്ന് ന്യൂയോർക്ക് മേയർ ബിൽ ദേ ബ്ലാസിയോ പറഞ്ഞു. അമേരിക്കയിലെ ആകെ മരണത്തിന്റെ നാലിലൊന്നിൽ അധികവും ഇവിടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക് നഗരത്തിൽ മാത്രം 1,000 നഴ്സുമാർ, 150 ഡോക്ടർമാർ, 300 റെസ്പിരേറ്ററി തെറാപ്പിസ്റ്റുകൾ ആവശ്യമുണ്ട്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താൽ അടുത്ത ആഴ്ചക്കുള്ളിൽ കുറഞ്ഞത് 3,000 വെന്റിലേറ്ററെങ്കിലും ആവശ്യമുണ്ട്. അമേരിക്കൻ സൈന്യത്തിലെ വിദഗ്ധ സംഘത്തെ ന്യൂയോർക്കിൽ വിന്യസിക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ന്യൂയോർക്ക് മേയർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർഥിച്ചു.
click and follow Indiaherald WhatsApp channel