സൗദിയിലെ സ്വകാര്യ ഫാർമസികളിലും ഇനി വാക്സിൻ ലഭിക്കും! സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളിൽ ഉൾപ്പെടെ ഈ സേവനം ലഭ്യമാവുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബീഅ വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൊവിഡ് പ്രതിരോധം ഊർജിതമാക്കുന്നതിൻറെ ഭാഗമായി സൗദിയിലെ എല്ലാ ഫാർമസികളിലും സൗജന്യ വാക്‌സിൻ ലഭ്യമാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അൽ ദവാ ഫാർമസിയുടെ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളിലൂടെയും വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും.



ഇവിടങ്ങളിൽ നിന്ന് സ്വദേശികളും പ്രവാസികളും വാക്‌സിൻ എടുക്കേണ്ട തീയതിയും സമയവും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ സ്വകാര്യ മേഖലയ്ക്ക് പൊതുവായും അൽ ദവാ ഫാർമസികൾക്ക് പ്രത്യേകിച്ചുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്നതാണ് മന്ത്രാലയവുമായുണ്ടാക്കിയ ധാരണാപത്രമെന്ന് അൽ ദവാ ഫാർമസീസ് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും വാക്‌സിൻ വിതരണം വ്യാപിപ്പിക്കാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.



സ്വകാര്യ ഫാർമസികളിൽ സൗജന്യ വാക്‌സിൻ വിതരണം സാധ്യമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ഫാർമസി ശൃംഖലയായ അൽ ദവാ ഫാർമസിയുമായി ആരോഗ്യ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പുവച്ചു. രാജ്യത്തെ എല്ലാ സർവകലാശാലകളിലും വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. വിദ്യാർഥികൾക്കും അധ്യാപകർക്കും അവരുടെ കുടുംബക്കാർക്കും പൊതുജനങ്ങൾക്കും ഇവിടെ നിന്ന് വാക്‌സിൻ വിതരണം ചെയ്യും. മുൻഗണനാ വിഭാഗങ്ങൾക്ക് ആദ്യമെന്ന ക്രമത്തിലാവും വാക്‌സിൻ വിതരണം ചെയ്യുകയെന്നും മന്ത്രി അറിയിച്ചു. 



ഡിസംബർ 17ന് സൗദിയിൽ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതിനു ശേഷം ഇതിനകം 100ലേറെ വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്ഥാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി. നാഷനൽ ഐഡിയും വിസയുമുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ ലഭിക്കാൻ അവകാശമുണ്ടായിരിക്കും. ഏത് വാക്‌സിനാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവും രജിസ്‌ട്രേഷൻ വേളയിൽ ലഭ്യമാവും. വാക്‌സിനേഷൻ മൂലം ഇതേവരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ ആരോഗ്യവകുപ്പിന്റെ സിഹത്തീ ആപ്പിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.  

మరింత సమాచారం తెలుసుకోండి: