കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനായ സ്വന്തം കുഞ്ഞിനെ ക്രൂരമായി  കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റിമാൻഡിലായിരുന്ന കുഞ്ഞിന്റെ 'അമ്മ  ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി  കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

 

 

   എറണാകുളത്തായിരുന്ന കാമുകൻ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭർത്താവ് പ്രണവിനേയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. എന്നാൽ  പ്രണവിനെ കണ്ട ശരണ്യ പൊട്ടിക്കരയുകയായിരുന്നു.  

 

 

 

   പിന്നീടാണ് കുഞ്ഞിനെ കൊല്ലാൻ കാമുകൻ പ്രേരിപ്പിച്ചെന്നു ശരണ്യ പൊലീസിനോടു പറഞ്ഞത്. സ്റ്റേഷനിൽ നിധിനും പ്രണവും തമ്മിൽ വാക്കേറ്റവുമുണ്ടായി. 'കുടുംബം തകർത്തല്ലോടാ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു  സ്‌റ്റേഷനിൽ നിധിനുനേരെ പ്രണവ്  പാഞ്ഞടുത്തത്.  പൊലീസും സുഹൃത്തുക്കളും തടഞ്ഞത് കൊണ്ടാണ്  അനിഷ്ട സംഭവങ്ങൾ ഒഴിവായത്.

 

 

 

   നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും കൊലപാതകത്തിൽ നിധിനു പങ്കുണ്ടെന്നു പൊലീസിനു സംശയമുണ്ട്. കണ്ണൂർ സിറ്റി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. സതീശന്റെ നേതൃത്വത്തിൽ ശരണ്യയേയും നിധിനേയും വെവ്വേറെ മുറികളിൽ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നേരത്തേ കുറ്റം സ്വയമേറ്റ ശരണ്യ സംഭവത്തിൽ കാമുകന്റെ പ്രേരണയെക്കുറിച്ചു സൂചന നൽകിയതോടെയാണു നിധിനെ കസ്റ്റഡിയിലെടുത്തത്.

 

 

 

     നിധിൻ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതാണെന്നും രഹസ്യ ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നു പലവട്ടം പറഞ്ഞതായും ശരണ്യ ആരോപിച്ചു. സാമ്പത്തിക ആവശ്യം പറഞ്ഞു നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നു കാമുകനുവേണ്ടി ബാങ്ക് വായ്പ തരപ്പെടുത്താൻ ശ്രമിച്ചതായും ചില മോഷണങ്ങൾ നടത്തിയതായും ശരണ്യ വെളിപ്പെടുത്തി.

 

 

 

 

     സിറ്റി സിഐയുടെ അപേക്ഷയിൽ ഇന്നലെ ഉച്ചയോടെയാണു ശരണ്യയെ കോടതി ഏഴു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് കാമുകനൊപ്പം ചോദ്യംചെയ്തു. കാമുകനെതിരെ  മൊഴി നൽകി രക്ഷപെടാനുള്ള ശ്രമമാണ് ശരണ്യ നടത്തുന്നതെന്നു പൊലീസിന് സംശയമുണ്ട്.

 

 

 

 

    കാമുകനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കാമുകനേയും കസ്റ്റഡിയിൽ വയ്ക്കുന്നത്. ശരണ്യയുടെ കാമുകനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

 

 

 

 

 

   പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് 17 മിസ്ഡ് കോളുകൾ വന്നിരുന്നു. ഫെബ്രുവരി 17ന് രാവിലെയാണ് തയ്യിൽ കൊടുവള്ളിൽ വീട്ടിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്.

మరింత సమాచారం తెలుసుకోండి: