സർക്കാർ ജീവനക്കാരുടെ സ്ഥല മാറ്റം; കുടുംബ ജീവിതം തകർക്കുന്നതാവരുതിന്നു സുപ്രീം കോടതി വിധി! അന്തസോടെ ജീവിക്കാൻ പൗരൻമാർക്ക് അവകാശം നൽകുന്ന ഭരണഘടനയുടെ 21ാം പരിഛേദത്തിൽ കുടുംബജീവിതത്തിന്റെ സംരക്ഷണവും ഉൾപ്പെടുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ കമ്മീഷണറേറ്റുകളിലേക്കുള്ള സ്ഥലം മാറ്റം വിലക്കിയ കേന്ദ്രസർക്കാരിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ടറ്റ് ടാക്‌സസിന്റെ (സി.ബി.ഐ.സി) 2018ലെ സർക്കുലറിനെ ചോദ്യം ചെയ്ത ഹർജികളിലാണ് നിർണ്ണായക നിരീക്ഷണം. സർക്കാർ ജീവനക്കാരുടെ കുടുംബജീവിതം സംരക്ഷിക്കുന്ന രീതിയിലുള്ള സ്ഥലംമാറ്റ ചട്ടങ്ങൾ വേണമെന്ന് സുപ്രീം കോടതി.
വ്യത്യസ്ഥ കമ്മീഷണറേറ്റുകളിലേക്കുള്ള സ്ഥലം മാറ്റം വിലക്കിയ സർക്കുലർ ഭരണഘടനാപരമായ അവകാശങ്ങൾക്ക് എതിരാണെന്നും ഭിന്നശേഷിക്കാർ അടക്കം പ്രത്യേക പരിഗണന വേണ്ടവരെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിക്കാർ വാദിച്ചു. ഒരേ വകുപ്പിൽ ജോലിയുള്ള ജീവിതപങ്കാളികളെ ഒരേ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ സർവ്വീസിലുള്ള സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പ്രത്യേക പരിഗണന വേണ്ടവരെയും മതിയായി പരിഗണിക്കുന്ന സ്ഥലംമാറ്റ ചട്ടമാണ് ആവശ്യമെന്നും ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഡ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് പറയുന്നു. സി.ബി.സി.ഐ സർക്കുലറിന് എതിരെ എസ്.കെ നൗഷാദ് റഹ്‌മാൻ അടക്കമുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജികൾ നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
തുടർന്നാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. തൊഴിൽ നൽകിയ വകുപ്പുകളുടെ ആവശ്യങ്ങൾക്ക് പോസ്റ്റിങ്ങുകളിൽ പ്രാധാന്യമുണ്ടെന്ന് ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി പറഞ്ഞു. ''ഒരു സ്ഥലത്ത് മാത്രമേ ജോലിയെടുക്കൂ എന്ന് കേന്ദ്രസർക്കാർ ജീവനക്കാരന് പറയാനാവില്ല. സ്ഥലം മാറ്റം നിർബന്ധമായി ആവശ്യപ്പെടാനും സാധിക്കില്ല...ഭരണസംവിധാനത്തിന്റെ ആവശ്യങ്ങൾക്കാണ് പ്രാധാന്യമുള്ളത്.... രണ്ടു ജീവിത പങ്കാളികളെയും ഒരേ സ്റ്റേഷനിൽ നിയമിക്കുന്നത് അഡ്മിനിസ്‌ട്രേഷനു തോന്നിയാൽ മാത്രമേ അത് പ്രായോഗികമായി നടപ്പാവൂ.''--കോടതി ചൂണ്ടിക്കാട്ടി. ''സ്വന്തം ജീവനക്കാർക്കായി ചട്ടങ്ങളുണ്ടാക്കുമ്പോൾ അവരുടെ കുടുംബജീവിതം സംരക്ഷിക്കുന്നതിന് മതിയായ പരിഗണന നൽകണം.
അന്തസോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൽ കുടുംബജീവിതത്തിന്റെ സംരക്ഷണവും ഉൾപ്പെടുന്നു. അസാധാരണ സാഹചര്യങ്ങളിൽ സ്ഥലംമാറ്റം നൽകാമെന്ന് 2018ലെ സർക്കുലറിൽ പറയുന്നുണ്ട്. പക്ഷെ, എന്തൊക്കെ സാഹചര്യങ്ങളാണ് അസാധാരണം എന്നു വിശദീകരിക്കുന്നില്ല. ജീവിതപങ്കാളികളെ ഒരേ സ്റ്റേഷനിൽ ജോലി ചെയ്യാൻ അനുവദിക്കാവുന്ന ചട്ടങ്ങൾ കൂടി വേണം. ഭിന്നശേഷിക്കാരെയും പ്രത്യേക പരിഗണന വേണ്ടവരെയും മനസിൽ കാണുകയും വേണം.''--കോടതി പറഞ്ഞു. ഒപ്പം ഗാർഹിക പരിപാലനവും പരിചരണവും സ്ത്രീകളുടെ മുഖ്യചുമതലയാണെന്ന പുരുഷാധിപത്യ മാനസികാവസ്ഥയുടെ ഇരകളാണ് സ്ത്രീകളെന്നും കോടതി ചൂണ്ടിക്കാട്ടി. '' കുടുംബത്തിലെ ഉത്തരവാദിത്തങ്ങളുടെ അസമമായ പങ്കിന്റെ മാറാപ്പ് അവരുടെ ചുമലിലുണ്ട്.
ഈ മാറാപ്പ് തൊഴിൽ ഇടത്തിൽ എത്തുന്നതിൽ നിന്ന് അവരെ തടയുന്നു. തൊഴിൽ ഇടത്തിൽ എത്തിയ സ്ത്രീയും ഈ മാറാപ്പ് ചുമക്കേണ്ടി വരുന്നു. തൊഴിൽ ഇടത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന വിവേചനങ്ങൾ തിരിച്ചറിയുക എന്നതാണ് ശരിയായി തുല്യത നടപ്പാക്കാൻ സർക്കാർ ചെയ്യേണ്ടതെന്നും, ഒപ്പം സമത്വം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 14ാം പരിഛേദവും വിവേചനം തടയുന്ന 15ാം പരിഛേദവും സർക്കാർ ജോലികളിലെ വിവേചനം ഒഴിവാക്കുന്ന 16ാം വകുപ്പും അന്തസോടെ ജീവിക്കാനുള്ള 21ാം പരിഛേദവും മനസിൽ വെച്ചു മാത്രമേ നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും ചട്ടങ്ങൾ തയ്യാറാക്കാവൂയെന്നും കോടതി വ്യക്തമാക്കി ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വിധിയിൽ വിശദീകരിച്ചു.
Find out more: