ഞെട്ടിക്കുന്ന പ്രകടനങ്ങൾ, മികച്ച അവതരണം; 'മാലിക്ക്' ആദ്യ നിരൂപണങ്ങൾ ഈ രീതിയിൽ! ഏറെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മാലിക്ക് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. മികച്ച അനുഭവമെന്നാണ് സിനിമയെ പറ്റിയുള്ള പൊതുവേയുള്ള അഭിപ്രായം. രാത്രിയോടെ തന്നെ പ്രൈമിലെത്തിയ വീഡിയോ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തെ പറ്റി ആദ്യ പ്രേക്ഷകർ പറയുന്ന നിരൂപണങ്ങൾ ഏറെ ശ്രദ്ധേയമാണ്.സീയു സൂണിനു ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകത കൊണ്ടു തന്നെ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന സിനിമയായിരുന്നു മാലിക്ക്.




    ഫഹദ് ഫാസിലും നിമിഷ സജയനും ജോജു ജോർജ്ജും മുൻപ് തന്നെ തൻ്റെ അഭിനയപാടവം വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിൽ ചെറിയ രംഗങ്ങളിൽ പോലും എത്തുന്ന അഭിനേതാക്കളോരോരുത്തരും മികച്ച പ്രകടനം കാഴ്ച വെച്ചെന്നും പ്രേക്ഷകർ പറയുന്നു. വിനയ് ഫോർട്ടും ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ വീട്ടുകാരായി എത്തിയിരിക്കുന്ന അഭിനേതാക്കളെല്ലാം ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചെന്നും പ്രേക്ഷകർ പറയുന്നു.ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന് സിനിമാസ്വാദകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.




  ഫഹദിൻറെ കരിയറിലെ തന്നെ കൂടുതൽ മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയ്ക്കുവേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറോ ജോസഫ് നിർമ്മിക്കുന്നതാണ് സിനിമ. സാനു ജോൺ വർഗീസ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് സിനിമയിൽ സംഘട്ടനം ഒരുക്കിയിട്ടുള്ളത് ബിഗ് ബജറ്റ് ചിത്രം ‘മാലിക്’ ‌ ഒരാളുടെ പല കാലഘട്ടങ്ങളിലൂടെയാണ് വികസിക്കുന്നത്.




   യുവാവായും അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലികായുമൊക്കെ ഫഹദ് ചിത്രത്തിൽ എത്തുന്നുണ്ട്. ടേക്ക് ഓഫിനും സീയു സൂണിനും ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയിൽ ജോജു ജോർജ്ജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, നിമിഷ സജയൻ, ചന്ദുനാഥ് തുടങ്ങി നിരവധി കഥാപാത്രങ്ങളുമുണ്ട്. ഒരാളുടെ ‌ഇരുപത് വയസ് മുതൽ 55 വയസ് വരെയുള്ള ജീവിതം പ്രമേയമാക്കിയാണ് സിനിമ.

Find out more: