മധുര അംനോഹര മോഹം: അതിസുന്ദരം! സിനിമയുടെ സ്വഭാവത്തിൽ മാത്രമല്ല കഥാപാത്രങ്ങളിലുമുണ്ട് ഈ മധുരവും മനോഹാരിതയും മോഹവുമെല്ലാം. മനു മോഹനും മീരയും തന്നെയാണ് മധുരവും മനോഹരവുമായി സിനിമയെ മുമ്പോട്ടു കൊണ്ടുപോകുന്നത്. ഒരു സാധാരണ കുടുംബത്തിലെ സംഭവങ്ങൾ ഒട്ടും അതിശയോക്തിയില്ലാതെ ചേർത്തുവെച്ച സിനിമ, ഒറ്റവാക്കിൽ ഇതാണ് മധുര മനോഹര മോഹം.പത്തനംതിട്ട ജില്ലയിൽ കുമ്പഴ ഗ്രാമത്തിലെ ഒരു നായർ കുടുംബവും അതുമായി ചുറ്റിപ്പറ്റിയ ജീവിതങ്ങളും ചേർന്നാണ് സിനിമ പുരോഗമിക്കുന്നത്. നായർ കുടുംബമെന്ന് പറയുമ്പോൾ പതിവ് തറവാട് കഥകളെയൊന്നും ഈ സിനിമ പ്രതിനിധാനം ചെയ്യുന്നില്ല. എന്നാലാകട്ടെ സമീപകാല കേരളീയ പശ്ചാതലത്തെ അൽപം നേരിൻ്റെ കണ്ണോടെയും നർമത്തിൻ്റെ കാഴ്ചയോടെയും അവതരിപ്പിക്കുകയും അതിലുപരി ശരാശരി മലയാളി കുടുംബങ്ങൾ പലതും സമീപകാലത്ത് ഇങ്ങനെയൊക്കെ തന്നെയാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. കോസ്റ്റ്യൂം ഡിസൈനറായ സ്‌റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
അച്ഛൻ നേരത്തെ മരിച്ചതിനാൽ സർക്കാർ ജോലി ലഭിക്കുന്ന മകൻ മനു മോഹനും സഹോദരി മീരയും ഇളയ അനിയത്തിയും അമ്മ ഉഷാമ്മയും ചേരുന്നതാണ് അവരുടെ കുടുംബം. വല്ലാതെ കഷ്ടപ്പെടാതെ കയറിപ്പറ്റിയ സർക്കാർ ജോലി ആയതിനാൽ മനുവിന് അതിൽ വലിയ താത്പര്യമൊന്നുമില്ലെന്ന് മാത്രമല്ല അതിൻ്റെ ഗൗരവവുമില്ല. ജോലിക്കാര്യത്തിൽ മാത്രമല്ല, വീട്ടിലെ കാര്യങ്ങളിലും വലിയ ഉത്തരവാദിത്വങ്ങളൊന്നും മനു കാണിക്കാറില്ല. ഇതെല്ലാം ചെയ്യുന്നത് സഹോദരിയും പി ജി വിദ്യാർഥിനിയുമായ മീരയാണ്. വീട്ടിലെ കറൻ്റ് ബില്ലടക്കാൻ കെ എസ് ഇ ബി ഓഫിസിൽ പോകുന്നത് പോയിട്ട് ഓൺലൈനായി അത് ചെയ്യാൻ പോലും അറിയാത്തയാളാണ് മനു. സത്യത്തിൽ മീര എല്ലാ കാര്യങ്ങളും വളരെ 'കൃത്യമായി' കൈകാര്യം ചെയ്യുന്നുണ്ട്, വീട്ടിലും പുറത്തും. അന്നാട്ടിലെ ഏറ്റവും മികച്ച സ്വഭാവക്കാരിയും മീര തന്നെയാണ്. മീരയെ കുറിച്ച് ആർക്കും യാതൊരു മോശം അഭിപ്രായവുമില്ല.
എന്നാൽ മീരയുടെ അനുജത്തിയാകട്ടെ സകല ഏടാകൂടങ്ങളിലും ചെന്നുചാടുന്ന ഒരു സ്വഭാവകാരിയും. റവാട്ടമ്മയും കുലസ്ത്രീയുമായ ഉഷാമ്മയ്ക്ക് അയൽപക്കത്തെ ആയില്യക്കാരി പുത്രവധുവിൻ്റെ നോട്ടം തൻ്റെ കുടുംബം നശിപ്പിക്കുമെന്ന ഭയമുണ്ട്. അതുകൊണ്ടാണ് അവർ നോട്ടം തട്ടാതിരിക്കാൻ അയൽപക്കത്തെ മതിലിനോട് ചേർന്ന് മുള നട്ടുപിടിക്കുന്നത്. ആയില്യം നക്ഷത്രക്കാരുടെ നോട്ടത്തെ തടുക്കുന്ന ചെടി പഴയതുപോലെ ഫലിക്കുന്നില്ലത്രെ. അതുകൊണ്ടാണ് മുള തെരഞ്ഞെടുത്ത് നടുന്നത്.എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് ഇന്ദ്രസേനക്കുറുപ്പിൻ്റെ മകൾ ശലഭയുമായി പ്രണയത്തിലുള്ള മനു അപ്രതീക്ഷിതമായാണ് എൻ എസ് എസ് കരയോഗം സെക്രട്ടറിയാകുന്നത്. ആചാര സംരക്ഷണത്തിന്റേയും സമുദായ സ്‌നേഹത്തിൻ്റെയും അങ്ങേ തലയാണെങ്കിലും ഇന്ദ്രസേനക്കുറപ്പ് മകൾക്ക് നൽകിയത് അതിമനോഹരമായ പേരാണ്- ശലഭ. പേരുപോലെ പാറിപ്പറക്കുന്ന അതിസുന്ദരിയായ മകൾക്കു മുമ്പിൽ അയാളുടെ താൻപ്രാമാണിത്തമൊന്നും ചെലവാകുന്നുമില്ല.'ആചാര സംരക്ഷണവും എൻ്റെ മതം എൻ്റെ സംസ്‌ക്കാരവു'മായി കഴിയുന്ന 'മോഹന' കുടുംബത്തിലേക്കാണ് ഞെട്ടലോടെ മകളൊരു കൃസ്ത്യാനിച്ചെക്കനെ പ്രണയിക്കുന്ന വിവരമെത്തുന്നത്. അതിനു പിന്നാലെ മുസ്‌ലിം പയ്യനെ പ്രണയിക്കുന്നതുമറിയുന്നു. അതൊന്നുമല്ലാതെ ഹിന്ദു പയ്യന്മാരെയും പ്രണയിക്കുന്നുണ്ടത്രെ. ആകെക്കൂടി കുടുംബം പ്രശ്‌നത്തിലാകുന്ന അവസ്ഥ.
നാട്ടിലെ ഒരു ഹിന്ദു പെൺകുട്ടി കൃസ്ത്യൻ പയ്യനോടൊപ്പം ഒളിച്ചോടിയ കഥ വിളമ്പുന്ന മീൻകാരി അതിനെ 'ലവ് ജിഹാദെ'ന്നാണ് വിളിക്കുന്നത്. ഹിന്ദുവും കൃസ്ത്യാനിയും ഒളിച്ചോടിയാൽ അതെങ്ങനെ ലവ് ജിഹാദാകുമെന്ന ഉഷാമ്മയുടെ ചോദ്യത്തിന് അതൊന്നുമെനിക്കറിയില്ല, ഇത് ലവ് ജിഹാദാണെന്ന് പറയുന്ന മീൻകാരി കേരളീയ സമൂഹത്തിലേക്കൊരു പരിഹാസത്തിൻ്റെ തീക്കൊള്ളി നീട്ടിക്കൊടുക്കുന്നുണ്ട്.കുടുംബ പ്രേക്ഷകർക്ക് രസകരമായി ഇരുന്ന് കാണാനും തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുമുള്ള വക നൽകുന്നുണ്ട് മധുര മനോഹര മോഹം. സമകാലിക സംഭവങ്ങളെ കോർത്തിണക്കിയും അത് കുടുംബത്തിലുണ്ടാക്കുന്ന നേരിയ ചലനങ്ങളുമെല്ലാം വരച്ചുകാണിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്മനു മോഹനായെത്തിയ ഷറഫുദ്ദീനും മീര മോഹനായി വന്ന് രജിഷ വിജയനും പതിവുപോലെ കസറിയിട്ടുണ്ട്. നിഷ്‌കളങ്ക മലയാളി യുവാവിനെയോ അൽപക്കത്തെ ചെറുപ്പക്കാരനെയോ ചില നേരങ്ങളിൽ സിനിമ കാണുന്ന യുവാക്കൾക്ക് അത് താൻ തന്നെയല്ലെയോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാൻ നിലവിൽ മലയാളത്തിൽ ഷറഫുദ്ദീനെ പോലൊരു നടനില്ല. രജിഷയാകട്ടെ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മധുര മനോഹര മോഹത്തിലെ മീരയിലൂടെ അവതരിപ്പിക്കുന്നത്.
Find out more: