വിമർശകരുടെ അഭിപ്രായത്തിൽ കണ്ണപ്പ! മുകേഷ് കുമാർ സിംഗ് സംവിധാനം നിർവഹിച്ച, വിഷ്ണു മഞ്ജുവിന്റെ കണ്ണപ്പ ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള ശ്രീകാലഹസ്തി ക്ഷേത്രത്തിലെ ഭക്ത കണ്ണപ്പയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സാങ്കൽപ്പിക ഒരു കഥയാണ്. പതിനാറാം നൂറ്റാണ്ടിലെ മഹാകവി ധൂർജതിയുടെ അറിയപ്പെടുന്ന ഗ്രന്ഥമായ ശ്രീകാളഹസ്തി മഹത്വത്തേയും പതിമൂന്നാം നൂറ്റാണ്ടിലെ ബസവ പുരാണത്തേയും അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നാണ് സിനിമയുടെ തുടക്കത്തിൽ എഴുതിക്കാണിക്കുന്നത്. മൂലഗ്രന്ഥങ്ങളുടെ സത്തയും ആത്മാവും നിലനിർത്താൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങളേയും സംഭവങ്ങളേയും സിനിമയ്ക്ക് അനുയോജ്യമായ വിധത്തിൽ മാറ്റിയിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറയുന്നു.
ഭക്തിക്കും വിശ്വാസത്തിനും പല തലങ്ങളുണ്ട്. അമിത ഭക്തി മുതൽ അവിശ്വാസം വരെ അതിന്റെ പല ഘട്ടങ്ങളാണെന്ന് പറയാനാവും. അവിശ്വാസത്തിൽ നിന്നും അമിത വിശ്വാസത്തിലേക്കുള്ള മാറിമറയലാണ് കണ്ണപ്പ. ഇതിനിടയിൽ വിശ്വാസികളായ കുറേ പേരും കുറേ കാലവും. തെലുങ്ക് ഭക്തി സിനിമയാണ് കണ്ണപ്പയെങ്കിലും ആക്ഷൻ, ഡ്രാമ, ഫാന്റസി, പിര്യേഡ് ഗണത്തിൽ ഉൾപ്പെടുത്തി സിനിമയെ ഭക്തിമാർഗ്ഗത്തിലെ കാഴ്ചക്കാരെ മാത്രമല്ല പ്രതീക്ഷിക്കുന്നതെന്ന് എഴുതിച്ചേർത്തിട്ടുണ്ട്.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും രണ്ടാം പകുതി ആരംഭിക്കുമ്പോഴും സ്ക്രീനിലുള്ള മോഹൻലാലിന്റെ കിരാതനെന്ന ശിവൻ സിനിമയിലെ അതിഥി താരമാണ്. കേരളത്തിലെ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് മോഹൻലാലിനെ കണ്ണപ്പയിലെ അതിഥി താരമായി അണിയറ പ്രവർത്തകർ ഉദ്ദേശിച്ചിട്ടുണ്ടാവുകയെങ്കിലും കടുത്ത മോഹൻലാൽ ആരാധകർക്കു പോലും അദ്ദേഹത്തെ കിരാതനെ ഇഷ്ടപ്പെടാൻ വഴിയില്ല.
ചെറിയ വേഷത്തിലെത്തിയാൽ പോലും സിനിമ മുഴുവൻ ഓളമുണ്ടാക്കാൻ സാധിക്കുന്ന മോഹൻലാൽ കണ്ണപ്പയിൽ കാഴ്ചക്കാരിൽ ഒരു സ്വാധീനവും സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല സംഘട്ടന രംഗങ്ങളിൽ തന്റേതായ മുദ്ര പതിപ്പിക്കാറുള്ള അദ്ദേഹം അവിടെ പോലും പരാജയപ്പെടുന്നു. മാത്രമല്ല, ഇതുപോലൊരു 'കോമാളി' വേഷം അദ്ദേഹമെന്തിന് സ്വീകരിച്ചു എന്ന സംശയവും തോന്നിയേക്കാം. മോഹൻലാലല്ല, ഏത് നടനു വേണമെങ്കിൽ വേഷമിടാനാവുന്നതാണ് 'കിരാത ശിവൻ.' ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്നുള്ള പ്രമുഖരെ ഉൾപ്പെടുത്തിയതിനോടൊപ്പം ബോളിവുഡിൽ നിന്നും അക്ഷയ് കുമാറിനെ കൂടി ചേർത്ത് പാൻ ഇന്ത്യൻ ചലച്ചിത്രമായാണ് കണ്ണപ്പ നിർമിച്ചിരിക്കുന്നത്. മലയാളത്തെ പ്രതിനിധീകരിച്ച് മോഹൻലാലാണ് കണ്ണപ്പയിൽ വേഷമിട്ടിരിക്കുന്നത്.
ആയോധന കലയും സ്ത്രീ ആധിപത്യവുമുള്ള ഗ്രാമത്തിലെ അടുത്ത അവകാശിയായ നമേലി കടുത്ത ശിവഭക്തയാണ്. ആയുധപ്പോരാട്ടത്തിലൂടെ അധികാരത്തുടർച്ചയേക്കാൾ അവൾ ആഗ്രഹിക്കുന്നത് ശിവപ്രീതിയാണ്. മഹാദേവ ശാസ്ത്രികൾ മാത്രം കാണുന്നതും ആരാധിക്കുന്നതുമായ 'വായു ലിംഗ'ത്തെ കുറിച്ച് കേട്ടറിഞ്ഞ അവൾ എന്നും അത് സ്വപ്നം കാണുകയും തന്റെ വീട്ടിലെ ചുവരിൽ വരച്ചുവെക്കുകയും ചെയ്യുന്നുണ്ട്.നിരീശ്വരനായ തിന്നനും കടുത്ത ശിവഭക്തയായ നമേലിയും തമ്മിൽ പ്രണയത്തിലാകുന്നത് കഥയെ മറ്റൊരിടത്തേക്കെത്തിക്കുന്നുണ്ട്. അതിനിടയിലാണ് വായുലിംഗം സ്വന്തമാക്കാൻ ദൂരെ ദേശത്തു നിന്നും കാലമുഖനും സൈന്യവുമെത്തുന്നത്. ഇവരെ എതിരിടാൻ അഞ്ച് ഗ്രാമങ്ങളും ശ്രമം നടത്തുന്നു.അവിശ്വാസിയായ തിന്നൻ വിശ്വാസത്തിലേക്ക് നീങ്ങുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ട്.
ശിവനെ പ്രത്യക്ഷപ്പെടുത്താൻ വനത്തിൽ പല വർഷങ്ങൾ തപസ്സു ചെയ്ത മുൻജന്മമുണ്ട് തിന്നന്. അടുത്ത ജന്മത്തിൽ വിശ്വാസപൂർവ്വം ശിവനെ വിളിച്ചാൽ മാത്രമേ തന്നിലേക്ക് ലയിക്കാനാവു എന്ന വരം കൊടുത്തതോടെയാണ് കാട്ടുവാസികൾക്കിടയിൽ തിന്നൻ ജന്മം കൊള്ളുന്നത്.ഒരിക്കൽ പോലും ശിവനെ വിളിക്കാൻ കൂട്ടാക്കാത്ത തിന്നൻ ശിവരാത്രി നാളിൽ പൂജ മുഴുവൻ ചെയ്തുതീർത്ത് തന്റെ ജന്മസാഫല്യം നേടുകയാണ് സിനിമയിൽ.ശിവനായി അക്ഷയ് കുമാറും പാർവതിയായി കാജൽ അഗർവാളും പ്രത്യക്ഷപ്പെടുമ്പോൾ സാങ്കേതികത ഇത്രയും പുരോഗമിച്ചിട്ടും പഴയകാല ഭക്തി സിനിമകളുടെ കാഴ്ചയിൽ നിന്ന് ദൈവങ്ങളിനിയും രക്ഷപ്രാപിച്ചില്ലേ എന്നു തോന്നിയേക്കാം.
Find out more: