നായാട്ട് ഗംഭീരമായായി തിയറ്ററുകളിൽ!വർത്തമാന കാലത്തെ രാഷ്ട്രീയ മാധ്യമ നായാട്ടിനെ കുറിച്ചാണ് മാർട്ടിൻ പ്രക്കാട്ട് തന്റെ സിനിമയിൽ പറയുന്നത്. അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് സിനിമ. ഏതൊരു കാര്യത്തെയും മുതലെടുക്കുന്ന രാഷ്ട്രീയത്തെയും മാധ്യമ ചർച്ചാ വിഷയങ്ങളെയും ഉദ്ദേശിച്ച് തന്നെയാവും ''നായാട്ട്'' എന്ന പേര് സിനിമയ്ക്ക് നൽകിയത്. എന്തുകൊണ്ടും യോജിച്ച പേര്. ജീവിച്ചിരിയ്ക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ലാത്ത, സാങ്കൽപിക കഥ എന്ന് പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. എന്നാൽ നമ്മളിൽ പലരുമായും, ജീവിച്ചു കൊണ്ടിരിയ്ക്കുന്നതും മരിച്ചതുമായ പലരുമായും കഥയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ, അത്രത്തോളം സ്വാഭാവികതയോടെയാണ് സിനിമ അവതരിപ്പിച്ചിരിയ്ക്കുന്നത്.  



 അവിശ്വസിനീയമായത് ഒന്നുമില്ലാത്ത തരം വിശ്വസിനീയമായ കഥയും കഥാപാത്രങ്ങളും സാഹചര്യങ്ങളും തന്നെയാണ് ഷാഹിയുടെ എഴുത്തിന്റെ പ്രത്യേകത. എഴുത്തുകാരനോട് പൂർണമായും നീതി പുലർത്തുന്ന സംവിധാന മികവായിരുന്നു മാർട്ടിൻ പ്രക്കാട്ടിന്റേയും.നായാട്ട് എന്ന ചിത്രത്തെ അതുമായി താരതമ്യപ്പെടുത്തണമെങ്കിൽ ആവാം. ആ ചിത്രങ്ങളിൽ എല്ലാം പറഞ്ഞത് പോലെ സൗഹൃദവും ബന്ധവും, കുടുംബവും ഇമോഷൻസുമെല്ലാം നായാട്ടിലെ പോലീസുകാർക്കുമുണ്ട്. പക്ഷെ അതിനൊക്കെ അപ്പുറം ''മുകളിൽ'' നിന്നുള്ള സമ്മർദ്ദം അതാണ് അവരെ കൊണ്ട് അരുതാത്തതും ചെയ്യിപ്പിയ്ക്കുന്നത്. ആ ചെയ്തികളാണ് പോലീസുകാർ എന്നാൽ ഭയം എന്ന വികാരം ജനങ്ങളിൽ എത്തിയ്ക്കുന്നത്.'ഗുണ്ടകൾക്ക് പോലും ഒരു ക്വട്ടേഷൻ വന്നാൽ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാം. പക്ഷെ പോലീസുകാരുടെ കാര്യം അതല്ല'.



 തീരുമാനങ്ങൾ എടുക്കുന്നത് രാഷ്ട്രീയ നേതാക്കളാണ്. വിധി കൽപിയ്ക്കുന്നത് മാധ്യമങ്ങളും. പലപ്പോഴും ഇതിന് ഇരയാകുന്നത് ദളിതരും. ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവൃത്തിയ്ക്കാത്ത രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പലപ്പോഴും അവരുടെ മരണം ആഘോഷമാണ് എന്ന സത്യം സിനിമ എടുത്ത് കാട്ടുന്നുണ്ട്.
രണ്ട് ദിവസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംഭവിയ്ക്കുന്ന ഒരു ദളിതന്റെ മരണവും അതിന്റെ പേരിലുള്ള ''നായാട്ടു''മാണ് സിനിമയുടെ കഥാഗതി. കഥയ്‌ക്കൊപ്പം സഞ്ചരിയ്ക്കുന്ന ഛായാഗ്രഹണ ഭംഗിയെ കുറിച്ച് എടുത്ത് പറയണം. ഓരോ ഫ്രെയിമും സ്വാഭാവികമാക്കുന്നതിൽ ഷൈജു ഖാലിദിനുള്ള കഴിവ് ഇനിയും പുകഴ്ത്തി പറയേണ്ടതില്ല. സിനിമയുടെ മൂഡ് നിലനിർത്തുന്ന സൗണ്ട് മിക്‌സിങിനെ കുറിച്ചും പശ്ചാത്തല സംഗീതത്തെ കുറിച്ചും പറയാതെ വയ്യ.



തിരഞ്ഞെടുപ്പ് സമയത്തെ ഒച്ചപ്പാടുകളും ജനക്കൂട്ടത്തിന്റെ ഇരമ്പലുമെല്ലാം കൃത്യമായ മിക്‌സിങ് ആയിരുന്നു. ജോജു ജോർജ്ജും സ്വാഭാവിക അഭിനയത്തിന്റെ മറ്റൊരു തലത്തിൽ നിൽക്കുകയാണ്. നിസ്സഹായനായ നായകനായി കുഞ്ചാക്കോ ബോബനും തകർത്തു. ജാഫർ ഇടുക്കിയെ പോലൊരു നടൻ എങ്ങനെ ഒരു മുഖ്യമന്ത്രിയുടെ ഇമേജ് എടുക്കും എന്നൊരു വേണ്ടാത്ത വിചാരം എനിക്കുണ്ടായിരുന്നു. എന്നാൽ നല്ല കൈ ഒതുക്കത്തോടെ അദ്ദേഹം തന്റെ കഥാപാത്രം പക്വതയോടെ അവതരിപ്പിച്ചു. മാത്രമല്ല തുടക്കം മുതൽ അല്പം സ്ലോ ആണ് കാര്യങ്ങൾ. ഒന്ന് ലാഗ് ആവുന്നുണ്ട്. എങ്ങോട്ടാണെന്ന് അറിയാത്തൊരു തരം കൺഫ്യൂഷൻ ഫീൽ ചെയ്യുന്നു. എന്നാൽ നായാട്ട് തുടങ്ങി കഴിഞ്ഞാൽ പിന്നെ കാണികൾ എൻഗേജ്ഡ് ആവുന്നു. സിനിമയുടെ ക്ലൈമാകാസ് എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തണം എന്നില്ല. കൃത്യമായ ഒരു അവസാനം സിനിമയ്ക്കില്ല.

Find out more: