ഏതാണ് അസംബന്ധം, ഏതാണ് പച്ചക്കള്ളം; വിടാതെ കുഴൽനാടൻ!രണ്ട് ദിവസത്തെ ചർച്ചകളും വാഗ്വാദങ്ങളും കെട്ടടങ്ങുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണെന്നും മുഖ്യമന്ത്രി ഇതുവരെ ഇതിനൊന്നിനും ഉത്തരം നൽകിയിട്ടില്ലെന്നും കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു. വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ആവർത്തിച്ച് മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടൻ. "സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടറിയേറ്റിൽ എത്തിയത്. സ്വപ്ന സുരേഷിൻ്റെ എൻട്രി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്യുസി) എന്ന കൾസട്ടൻസി കമ്പനി വഴിയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനിയാണ് എക്സാലോജിക്. ഈ കമ്പനിയുടെ വെബ്സൈറ്റിൽ ഒരു സമയത്ത് ചില കാര്യങ്ങൾ കുറിച്ചിട്ടുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നുവന്നതിനു തൊട്ടുപിന്നാലെ ഈ വെബ്സൈറ്റ് ഡൗണായി.
കുറച്ചുനാളുകൾക്ക് ശേഷം വെബ്സൈറ്റ് അപ്പായി. എന്നാൽ പിഡബ്യുസി ഡയറക്ടർ ജെയ്ക് ബാലകുമാർ മെൻ്ററായിരുന്നു എന്ന പരാമർശം അതിൽ നിന്നു മാറ്റി. എന്തുകൊണ്ട്?. വിവാദനായികയെ അറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശിവശങ്കറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. എന്നാൽ തെളിവുകൾ വന്നപ്പോൾ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ 100 ദിവസം ജയിലിൽ കിടന്നില്ലേ. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലെന്ന് പറയാൻ കഴിയുമോ?. ഒരു ബാഗേജ് കൊടുത്തുവിടാൻ കേരള സർക്കാരിന് സംവിധാനമില്ലേ?. എന്തുകൊണ്ടു നയതന്ത്ര ചാനൽ ഉപയോഗിച്ചു."- എന്നിങ്ങനെയായിരുന്നു മാത്യു കുഴൽനാടൻ സഭയിൽ ചോദിച്ചത്. തൻ്റെ ചോദ്യങ്ങൾ ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി മറുപടി പറയാത്ത പക്ഷം താൻ ഈ ചോദ്യങ്ങൾ പൊതു സമൂഹത്തിന് മുൻപിൽ വെക്കുകയാണ്. ഇതിൽ ഏതാണ് പച്ചക്കള്ളം?, ഏതാണ് അസംബന്ധം?- മാത്യു കുഴൽനാടൻ ചോദിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ പങ്കുവെച്ചാണ് മാത്യു കുഴൽനാടൻ രംഗത്തെത്തിയത്. എന്നാൽ മാത്യു കുഴൽനാടൻ്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. മകളെ കുറിച്ച് പറഞ്ഞാൽ താൻ കിടുങ്ങിപ്പോകുമെന്നാണേ വിചാരിച്ചതെന്ന് ചോദിച്ച മുഖ്യമന്ത്രി മാത്യു കുഴൽനാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അഭിപ്രായപ്പെട്ടു.
ജെയ്ക് ബാലകുമാർ മെന്ററാണെന്ന് തൻ്റെ മകൾ എവിടെയും പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആരോപണങ്ങൾ തള്ളുകയായിരുന്നു. ഇതിനു പിന്നാലെ എക്സാലോജിക് കമ്പനിയുടെ വെബ് ആർക്കൈവുമായി മാത്യു കുഴൽനാടൻ രംഗത്തെത്തി. എക്സാലോജിക്കിൻ്റെ വെബ്സൈറ്റ് തുടങ്ങിയ ശേഷം 107 തവണ മാറ്റങ്ങൾ വരുത്തിയെന്നു പറഞ്ഞ അദ്ദേഹം ജെയ്ക് ബാലകുമാർ മെൻ്ററാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള 2020 മെയ് 20 ലെ എക്സാലോജിക്കിൻ്റെ വെബ് ആർക്കൈവും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിച്ചു.
Find out more: