നിയമസഭയിലെ കോൺഗ്രസിന്റെ  ഏക വനിതാ എംഎൽഎയായി ഇനി ഉമ!15-ാം നിയമസഭയിൽ പി ടി തോമസ് അടക്കം 21 പുരുഷ കോൺഗ്രസ് എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഒരു വനിതാ ജനപ്രതിനിധിയെ കോൺഗ്രസിന് നിയമസഭയിൽ എത്തിക്കാനായി. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിലനിർത്തിയതോടെ നിയമസഭയിലെത്തുന്നത് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎ. 1996ലെ തെരഞ്ഞെടുപ്പിൽ 13 വനിതകൾ ജയിച്ചതിനു ശേഷം ഇത്രയധികം വനിതകൾ ആദ്യമായാണ് നിയമസഭയിൽ എത്തുന്നത്. 2016ൽ എട്ട് വനിതകളാണ് നിയമ സഭയിൽ എത്തിയത്. 15-ാം നിയമസഭയിലേക്ക് മത്സരിച്ച 103 പേരിൽ 11 പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.





    ഇതിൽ ഒരാൾ പോലും കോൺഗ്രസിൽ നിന്നുള്ളവരായിരുന്നില്ല. കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയും യുഡിഎഫിലെ രണ്ടാം വനിതാ ജനപ്രതിനിധിയുമാണ് ഉമ തോമസ്. വടകര മണ്ഡലത്തിൽ നിന്നും ജയിച്ചെത്തിയ ആർഎംപിയുടെ കെ കെ രമയാണ് യുഡിഎഫിലെ മറ്റൊരു വനിതാ ജനപ്രതിനിധി. എൽഡിഎഫിൽ പത്ത് വനിതാ എംഎൽഎമാരാണ് ഉള്ളത്. ഉമകൂടി എത്തുന്നതോടെ നിയമസഭയിലെ ആകെ വനിതാ എംഎൽഎമാരുടെ എണ്ണം പന്ത്രണ്ടാകും. ഏഴാം റൗണ്ട് എണ്ണിയപ്പോഴേക്കും കഴിഞ്ഞ തവണ പി ടി തോമസ് നേടിയ ഭൂരിപക്ഷം ഉമ മറികടന്നിരുന്നു. സിറ്റിങ് സീറ്റിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനായതിന്റെ ആഘോഷത്തിലാണ് കോൺഗ്രസ് പ്രവ‍ർത്തകർ. 25,016 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ഉമ തോമസ് നിയമസഭയിലെത്തുന്നത്.






  തുടക്കം മുതൽ ലീഡ് നിലനി‍‍ർത്താൻ ഉമ തോമസിനായി. അതേസമയം  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കെ റെയിലിന്റെ ഹിതപരിശോധനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലവും കെ റെയിലുമായും ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബൂത്ത് തലത്തിൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ ശക്തമായ മണ്ഡലമാണ് തൃക്കാക്കര. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 2244 വോട്ടുകൾ വർദ്ധിച്ചു. 33.32 ശതമാനം വോട്ട് 35.28 ശതമാനമായി.






   ട്വന്റി 20 പോലുള്ള സംഘടനകളുടെ വോട്ട് യുഡിഎഫിന് ഗുണകരമായെന്നും കോടിയേരി നിരീക്ഷിച്ചു. ബിജെപിയുടെ വോട്ടിൽ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15483 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നാൽ ഇക്കുറി 12995 വോട്ടാണ് ലഭിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ബിജെപിക്ക് കുറവ് വരുന്ന വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി വരുന്നുണ്ട്. പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിന് ഉണ്ടായില്ലെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Find out more: