മരട്∙ചമ്പക്കര കനാലിലെ അതിശക്തമായ അടിയൊഴുക്കിനെ കുറിച്ചുള്ള അജ്ഞതയാണ് പതിനഞ്ചുകാരനായ വിദ്യാർഥി വി.എം. മാനുവൽ ജോസഫിന്റെ മുങ്ങി മരണത്തിനു കാരണമായത്. അടുത്തിടെ സ്വിമ്മിങ് പൂളിൽ നീന്തൽ പഠിക്കാൻ പോയ ആത്മവിശ്വാസത്തിൽ കനാലിൽ ഇറങ്ങിയ മാനുവൽ, വേലിയേറ്റത്തിന്റെ അടിയൊഴുക്കിൽ പെടുകയായിരുന്നു.കനാലിൽ തൈക്കൂടം– കണ്ണാടിക്കാട് പാലത്തിനു സമീപം വൈകിട്ട് മൂന്നോടെ ആയിരുന്നു അപകടം. 4 കൂട്ടുകാർ ചേർന്നാണു കുളിക്കാൻ പോയത്. മാനുവലിനെ രക്ഷിക്കാൻ ശ്രമിക്കവെ അവശ നിലയിലായ സുഹൃത്ത് ജോയലിനെ (16) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ജോയലിനെ രക്ഷിച്ചത്.
മരട് പൊലീസ്, അഗ്നിരക്ഷാ സേന, സ്കൂബ ഡൈവേഴ്സ് എന്നിവരോടൊപ്പം നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ വൈകിട്ട് അഞ്ചോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വൈകിട്ട് ആറരയോടെയാണ് എളംകുളത്ത് ചിലവന്നൂർ കായലിൽ ജെന്നിസിനെ കാണാതായത്. 3 സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയ ശേഷം കായലിനു കുറുകെ നീന്തുമ്പോൾ മുങ്ങിപ്പോയെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. കായലിനു വീതി കുറഞ്ഞ ഈ ഭാഗത്ത് ആഴമില്ലെങ്കിലും ചെളിയടിഞ്ഞു കിടക്കുകയാണ്. ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ രാത്രിയും തുടരുകയാണ്.