എന്റെ ശരീരഭാരം തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല: 'കക്ഷി അമ്മിണി പിള്ള'! ശരീര സൗന്ദര്യമുള്ളവളാണ് നടി എന്ന സങ്കൽപങ്ങൾ ഇന്നും നമുക്കിടയിൽ ഉണ്ട്. ഇപ്പോഴും അത്തരം പാഴ് സങ്കൽപങ്ങളിൽ വിശ്വസിക്കുന്നുണ്ട്. അത്തരം ആളുകളാണ് സോഷ്യൽ മീഡിയയിൽ തടി കൂടിയ നായികമാരെ വിമർശിക്കുന്നത്. തടി കൂടിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് ഇരയായ പല നടിമാരുമുണ്ട്. എന്നാൽ അത്തരം സോഷ്യൽ മീഡിയ അക്രമണങ്ങൾ തന്നെ ബാധിക്കുന്നില്ല എന്ന് ഷിബില ഫറ പറയുന്നു. ഷിബില സിനിമാ ലോകത്ത് എത്തിയത് കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെയാണ്. ആ കഥാപാത്രത്തിന് ഷിബില യോഗ്യ ആവാൻ തന്നെ കാരണം തടി ആയിരുന്നു. ഉള്ള തടി പോരാതെ, കഥാപാത്രത്തിന് വേണ്ടി ഷബില വീണ്ടും ശരീര ഭാരം കൂട്ടിയിട്ടുണ്ട്. എന്റെ ശരീരം എങ്ങിനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല എന്നാണ് ഷിബില പറയുന്നത്.



   മിനി ഐജി സംവിധാനം ചെയ്യുന്ന ഡൈവോഴ്‌സ് ആണ് ഷബിലയുടെ പുതിയ ചിത്രം. അത് കഴിഞ്ഞാൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന തള്ളുമല എന്ന ചിത്രത്തിലേക്ക് കടക്കും. ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഒരു ടീച്ചറുടെ വേഷമാണ് ഷിബിലയ്ക്ക്. ബോഡി ഷെയിമിങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല. ഒരിടയ്ക്ക് ഞാൻ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാൽ പിന്നീട്, 'നിങ്ങൾ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ' എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചു. അതേ സമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ തടി കുറയ്ക്കാൻ ഞാൻ തയ്യാറാണ്. അല്ലാതെ സോഷ്യൽ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല- ഷിബില ഫറ വ്യക്തമാക്കി. മാത്രമല്ല കുറച്ചു മുൻപേ മതപരവുമായ ബന്ധപ്പെട്ടും ഷിബില തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. താരങ്ങൾ മിണ്ടിയാൽ ആരാധകർ കുറയും, അല്ലെങ്കിൽ അവരുടെ 'ബാഡ് ഇമേജ്' സിനിമയെ മോശമായി ബാധിയ്ക്കും എന്നൊക്കെയായിരുന്നു സങ്കൽപങ്ങൾ.



  എന്നാൽ പുതിയ തലമുറയിലെ പലരും അത് തിരുത്തി എഴുതിയിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാൻ യാതൊരു മടിയും ഇല്ലാത്ത പുതിയ ഒരു തലമുറ സിനിമയിൽ ഉണ്ടെന്നത് മലയാള സിനിമയുടെ അഭിമാനമാണ്. അങ്ങനെ തനിക്ക് തെറ്റ് എന്ന് തോന്നുന്ന ഏത് കാര്യത്തോടും പ്രതികരിക്കുന്ന, തന്റെ കാഴ്ചപ്പാടുകൾ തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത യുവ നടിയാണ് കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷിബില ഫറ. സോഷ്യൽ മീഡിയയിൽ പറയുന്ന അഭിപ്രായത്തിന്റെ പേരിൽ ആളുകൾ തന്നെ തെറ്റായി വിലയിരുത്തും എന്ന കാര്യത്തിൽ യാതൊരു ഭയവും ഇല്ല എന്ന് ഷിബില പറയുന്നു. 



 എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഒരിക്കലും ജോലിയെ ബാധിക്കുന്നതല്ല. ഞാൻ ശക്തമായി വിശ്വസിക്കുന്ന വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങൾ മാത്രമാണ് ഞാൻ പറയാറുള്ളത്. അത്രയേറെ ബാധിയ്ക്കുന്ന ചില പ്രത്യേക വിഷയങ്ങളിൽ എനിക്ക് മൗനം പാലിക്കാൻ കഴിയില്ല- ഷിബില പറഞ്ഞു. പരമ്പരാഗത മുസ്ലിം കുടുംബത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപേ മാറി പോയ ആളാണ് ഞാൻ. ഇപ്പോൾ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. അത് ശബരിമല വിഷയത്തിന്റെ കാര്യത്തിൽ ആയാലും, ലൗ ജിഹാദിന്റെ കാര്യത്തിൽ ആയാലും.
 

మరింత సమాచారం తెలుసుకోండి: