മൂക്കില്ലാ രാജ്യത്ത് എന്ന കോമഡി ക്ലാസിക്!  അന്ന് കുട്ടികൾ മാത്രം ഇഷ്ടപ്പെട്ട ഒരു സ്ലാപ്‍സ്റ്റിക് തമാശപ്പടം, സംവിധായകൻ താഹയും തിരക്കഥാകൃത്ത് ബി. ജയചന്ദ്രനും രണ്ട് വ്യത്യസ്‍ത ടെലിഫോൺ അഭിമുഖങ്ങളിൽ എന്നോട് പറഞ്ഞു. അശോകൻ-താഹ കൂട്ടുകെട്ടാണ് സിനിമ സംവിധാനം ചെയ്തത്. മുപ്പത് വർഷം മുൻപാണ് മൂക്കില്ലാ രാജ്യത്ത് (1991) പ്രദർശനത്തിന് എത്തിയത്.ഒരു സ്‍കൂൾ അവധിക്കാലത്തിന് തൊട്ടുമുൻപ് റിലീസ് ചെയ്‍ത സിനിമയെന്നതായിരിക്കും കുട്ടികളെ ഇതിനോട് അടുപ്പിച്ചത്. കുട്ടികൾ ദീർഘദർശികളാണല്ലോ, 30 വർഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്ത് ഇപ്പോഴും ആളുകളെ ചിരിപ്പിക്കുകയാണ്.



   പതിയെ കാലത്തെ മറികടന്ന് അതൊരു കോമഡി ക്ലാസിക് ആയി മാറി. മാർച്ചിൽ ആണ് മൂക്കില്ലാ രാജ്യത്ത് റിലീസ് ചെയ്‍തതെന്ന് ഇൻറർനെറ്റിൽ സിനിമയെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ പറയുന്നു. "അന്ന് ഈ സിനിമ കണ്ട കുട്ടികളെല്ലാം ഇന്ന് വലിയവരായല്ലോ, അവരിൽ പലരും ഇന്നത്തെ കാലത്ത് സംവിധായകരും എഴുത്തുകാരുമാണ്. അവരെ സിനിമ സ്‍പർശിച്ചിരിക്കാം. ആ കാലത്ത് മൂക്കില്ലാ രാജ്യത്ത് ഒരു ന്യൂജെൻ സിനിമയായിരുന്നു", തിരക്കഥാകൃത്ത് ബി. ജയചന്ദ്രൻ പറയുന്നു. "അന്നത്തെ രീതികൾക്ക് അനുസരിച്ചുള്ള സിനിമയായിരുന്നില്ല. അന്ന് ഒരുപാട് കോമഡി സിനിമകളുണ്ടായിരുന്നു, എല്ലാം ഒരേ ട്രാക്കിലുള്ള പടങ്ങൾ.




   അതിൽ നിന്ന് വ്യത്യസ്‍തമായി സ്വന്തം സ്റ്റാംപ് ഉള്ള ഒരു സിനിമ എന്നതാണ് മൂക്കില്ലാ രാജ്യത്ത് എഴുതുമ്പോൾ മനസ്സിൽ കണ്ടിരുന്നത്". മാനസികരോഗ ആശുപത്രിയിൽ കഴിയുന്ന നാല് പേർ - ആവർത്തിച്ച് നുണ പറയുകയും എളുപ്പം അക്രമത്തിലേക്ക് തിരിയുകയും ചെയ്യുന്ന ബില്ലി, സ്വയം ഡോക്ടർ ആണെന്ന് കരുതി സ്റ്റെതസ്കോപ്പും കുറിപ്പടി എഴുതാൻ നോട്ടുമായി നടക്കുന്ന ഹെൻറി, താൻ യേശുവാണെന്ന് സ്വയം കരുതുന്ന എവിടെ വച്ചും ഉടുപ്പഴിച്ച് നഗ്നനാകാൻ മടിയില്ലാത്ത ജാക്ക്, ബേസ്ബോൾ കമൻററിയുടെ ഭാഷയിൽ മാത്രം സംസാരിക്കുന്ന ആൽബെർട്ട്.മൈക്കിൾ കീറ്റൺ (Michael Keaton) നായകനായി 1989ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ, ദ് ഡ്രീം ടീം (The Dream Team) ആണ് മൂക്കില്ലാ രാജ്യത്തിന് പ്രചോദനം.



   വിശാലഹൃദയനായ ഇവരുടെ ഡോക്ടർ, മാനസിക ഉല്ലാസം രോഗികൾക്ക് ഗുണം ചെയ്യുമെന്ന് വാദിച്ച് ന്യൂയോർക്കിൽ ഒരു ബേസ്‍ബോൾ മത്സരം കാണാൻ നാലുപേരെയും കൊണ്ടുപോകുകയാണ്. അവിടെ വച്ച് ഡോക്ടർ ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. രക്ഷിതാവില്ലാതെ ന്യൂയോർക്കിൽ ഒറ്റപ്പെടുന്ന നാല് പേർക്ക് മാനസികരോഗ ആശുപത്രിയോളം തന്നെ വിചിത്രമായ ഒരു സ്ഥലമായി (ഭ്രാന്തില്ലെന്ന് വിശ്വസിക്കുന്നവരുടെ) ലോകം അനുഭവപ്പെടുകയാണ്.



   ദ് ഡ്രീം ടീം, ഒരു പ്രചോദനം മാത്രമാണെന്ന് ബി. ജയചന്ദ്രൻ പറയുന്നതിൽ കാര്യമുണ്ട്. അടിസ്ഥാന കഥാതന്തു മാറ്റിനിർത്തിയാൽ രണ്ടു സിനിമകളും തമ്മിൽ ഒരു ബന്ധവും ഇല്ല. ഇതൊരു റീമേക്കോ, അനുകരണമോ പോലുമല്ല. തികച്ചും അപരിചിതമായ ഒരാൾക്കൂട്ടത്തിന് മുന്നിൽ നഗ്നനാകാൻ ജാക്കും, മൂക്കില്ലാ രാജ്യത്തിലെ കേശവനും തയാറാകുന്നത് ഒഴിച്ചാൽ മറ്റൊരു സീനുകളിലും സിനിമകൾ തമ്മിൽ ബന്ധമില്ല. ഈ രണ്ട് സിനിമകളിലെ കഥാപാത്രങ്ങൾ തമ്മിൽ ന്യൂയോർക്കിലോ കൊച്ചിയിലോ വച്ച് കണ്ടുമുട്ടിയാൽ, പരസ്‍പരം അവർ തിരിച്ചറിയുകപോലുമില്ല.

Find out more: