മായാനദിയ്ക്ക് മുൻപ് മറ്റൊരു വലിയ സിനമയുടെ ഭാഗമായി, എട്ടുമാസം അതിനുവേണ്ടി വർക്ക് ചെയ്തു; ദർശന രാജേന്ദ്രൻ പറയുന്നതിങ്ങനെ! അതിഭാവുകത്വങ്ങളില്ലാതെ കഥാപാത്രത്തോട് താദാത്മ്യം പ്രാപിക്കുകയാണ്. ഈ താദാത്മ്യപ്പെടലിനുള്ള അംഗീകാരമാണ് ജയയ്ക്കായി തീയേറ്ററുകളിൽ നിന്ന് ഉയർന്ന കൈയ്യടികൾ. ജയയായി എത്തുന്നതിന് മുൻപ് ദർശനയായും പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തി താരം. തുടക്കത്തിൽ ചെറിയ കഥാപാത്രങ്ങളിലൂടെ എത്തുന്നതിനെ പലരും വിലക്കിയിരുന്നു. ചെറിയ വേഷങ്ങളിൽ നിന്ന് ഉയരാൻ സാധിക്കില്ല എന്ന് കേട്ട് തഴമ്പിച്ചിടത്തുനിന്നാണ് ദർശന രാജേന്ദ്രൻ തന്റെ പേര് നായിക എന്നതിനൊപ്പം ചേർക്കുന്നത്. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.ജയ ജയ ജയ ജയഹേ ബോക്‌സ് ഓഫീസുകളിൽ ചരിത്രം കുറിയ്ക്കുമ്പോൾ തന്റെ കരിയറിലും പുതിയ തലത്തിലേയ്ക്ക് ചുവടുറപ്പിക്കുകയാണ് ദർശന രാജേന്ദ്രൻ.



   നാടകങ്ങളിലൂടെ സിനിമയിലേയ്‌ക്കെത്തുന്ന ദർശന അതിഭാവുകത്വങ്ങളില്ലാതെ കഥാപാത്രത്തോട് താദാത്മ്യം പ്രാപിക്കുകയാണ്.ജോലിയുമായി മുന്നോട്ട് പോകുമ്പോഴും നാടകം ചെയ്യുകയും അഭിനയവുമായി ബന്ധപ്പെട്ട് നിൽക്കുകയും ചെയ്തിട്ടുണ്ട്. ജോലി നിർത്തി പോകുന്നത് പോലും കുറച്ചുകാലം അഭിനയം വളരെ സീരിയസായി ചെയ്യണം എന്ന് കരുതിയാണ്. അതുകൊണ്ടുതന്നെ എന്റെ സുഹൃതത്തുക്കൾക്ക് എന്റെ പാഷനെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഒക്കെ അറിയാം. നാടകങ്ങളൊക്കെ ചെയ്യുന്ന സമയത്ത് അവരൊക്കെ അത് കാണാനും വന്നിട്ടുണ്ട്. ഇപ്പോൾ സിനിമകളിലൊക്കെ കാണുമ്പോൾ സന്തോഷവും ഞെട്ടലും എല്ലാംകൂടിക്കലർന്ന അവസ്ഥയാണ്. എന്നെക്കുറിച്ചുള്ള ആർട്ടിക്കിളൊക്കെ കാണുമ്പോൾ അവർ എന്നെ വിളിക്കും.



    സ്‌കൂൾ, കോളേജ് ഒക്കെ പഠിച്ചത് പുറത്തായിരുന്നു. അതുകൊണ്ട്തന്നെ ഇപ്പോൾ മലയാള സിനിമകൾ കണ്ടുതുടങ്ങുന്നവർ പെട്ടെന്ന് എന്നെ അതിൽ കാണുമ്പോൾ, നീ ശരിക്കും സിനിമക്കാരിയാണല്ലേ എന്നൊക്കെയാണ് ചോദിക്കുക. ജയ ജയ ജയ ജയഹേ ഫസ്റ്റ് ഡേ കാണാൻ കോളേജിൽ പഠിച്ച എന്റെ അടുത്ത ചില സുഹൃത്തുക്കൾ വന്നിരുന്നു. അവർ നോക്കുമ്പോൾ എനിക്ക് ചുറ്റും മീഡിയ, സെൽഫി എടുക്കാൻ ആളുകളൊക്കെ ചുറ്റും കൂടുന്നു. അവര് ശരിക്കും ഞെട്ടി. ഇത്രയൊന്നും അവരും പ്രതീക്ഷിക്കുന്നില്ല.നാടകങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ ചെയ്ത ഏതൊ ഒരു നാടകം കണ്ടിട്ടാണ് ആദ്യമായി സിനിമയിലേയ്ക്ക് അവസരം ലഭിക്കുന്നത്. അതുവഴിയാണ് വീണ്ടും അവസരങ്ങൾ ലഭിക്കുന്നത്. ചെന്നൈയിൽ ഒരുപാട് ഓഡീഷനൊക്കെ നടക്കുന്നുണ്ട്. അങ്ങനെയാണ് കവനിലേയ്ക്ക് അവസരം ലഭിക്കുന്നത്. അവിടെ വർക്ക് ചെയ്ത് ചെറിയ പരിചയമുണ്ടെങ്കിലും മലയാളത്തിലേയ്ക്ക് എത്തിയപ്പോൾ വല്ലാത്തൊരു ടെൻഷനൊക്കെ തോന്നിയിരുന്നു.




   ഇവിടെ എല്ലാം വളരെ വ്യത്യസ്തമായിരുന്നു. ആ സമയത്തൊക്കെ കിട്ടുന്നത് ചെറിയ ചെറിയ കഥാപാത്രങ്ങളാണ്. മായാനദിയിലേയ്ക്ക് എത്തുന്നതിന് മുൻപ് മറ്റൊരു വലിയ സിനിമയിലേയ്ക്ക് അവസരം ലഭിച്ചിരുന്നു. അതിനുവേണ്ടി എട്ടുമാസത്തോളം വർക്ക് ചെയ്യുകയും ചെയ്തു. പക്ഷേ ആ സിനിമ നടന്നില്ല. ആ സിനിമയ്ക്കുവേണ്ടി ചെയ്യുമ്പോൾ ഇത് പുറത്തിറങ്ങുന്നതോടെ മലയാളത്തിൽ നല്ല തുടക്കമായിരിക്കും എന്നൊക്കെയാണ് കരുതിയത്. അവിടെ നിന്നാണ് മായാനദിയിലേയ്ക്ക് എത്തുന്നത്. ആഷിഖ് അബുവിന്റെ സിനിമയാണ്, ചെറിയ വേഷമാണെങ്കിലും എന്തെങ്കിലുമൊക്കെ പഠിക്കാം എന്ന് കരുതിയാണ് പോകുന്നത്. 




പക്ഷേ മായാനദി പിന്നീട് ഒട്ടനവധി സിനിമകൾക്ക് കാരണമായി. പലപ്പോഴും ലഭിക്കുന്നത് ചെറിയ കഥാപാത്രങ്ങളെണെങ്കിലും ഏതെങ്കിലും ഒരു സീൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടതാവും. എനിക്കതിൽ പെർഫോം ചെയ്യാൻ ഉണ്ടാകും. ആ സമയത്തൊക്കെ ചെറിയ കഥാപാത്രങ്ങൾ ചെയ്യുന്നതിനെ ആളുകൾ എതിർത്തിരുന്നു. ഇത്തരം വേഷങ്ങൾ ചെയ്താൽ ഇതിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകും എന്നൊക്കെ പറയും. പക്ഷേ ഞാൻ കണ്ടിരുന്നത് അങ്ങനെയല്ല, ചെറിയ വേഷമാണെങ്കിലും ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്യുക എന്ന് തന്നെയാണ്. കിട്ടുന്ന സ്‌പെയിസ് മാക്‌സിമം എങ്ങനെ ഉപയോഗിക്കാം എന്നാണ് ചിന്തിക്കുന്നത്.

Find out more: