ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ അളവിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയാ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ജനപ്രിയ ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷെറിൻ റേച്ചൽ സന്തോഷ് ആണ് ചിത്രത്തിൻ്റെ മറ്റൊരു സഹ നിർമ്മാതാവ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുൻപേ തന്നെ നടത്തിയിരുന്നു.
അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു. ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് (ഷേർണി ഫെയിം) ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു.
click and follow Indiaherald WhatsApp channel