രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻറെ (ജി.ഡി.പി.) പത്തുശതമാനമായ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്രസർക്കാർ കോവിഡ് അടച്ചിടലിന്റെ മാന്ദ്യം മറികടക്കാനായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികളുടെ ആകെ മൂല്യം 11.02 ലക്ഷം കോടി രൂപയാണ്. ഇതിനുപുറമേ രണ്ടു തവണയായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച 8.01 ലക്ഷം കോടി രൂപയുടെ പണലഭ്യതാ പദ്ധതികളും പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൻറെ ഭാഗമായി ചെലവഴിച്ചുകഴിഞ്ഞ 1.98 ലക്ഷം കോടി രൂപയും ചേർന്നതാണ് പ്രധാനമന്ത്രിയുടെ സ്വാശ്രയഭാരതം പാക്കേജ്.

 

 

 

ആദ്യദിനത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും (എം.എസ്.എം.ഇ.) ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുമെല്ലാമായി ആകെ 5.94 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഉൾപ്പെട്ടത്.

 

ഇതിൽ എം.എസ്.എം.ഇ.കൾക്കായി പ്രത്യേക ഫണ്ട് തയ്യാറാക്കുന്നതിന് 10,000 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന് വിലയിരുത്തുന്നു. 72 ലക്ഷം ജീവനക്കാരുടെ മൂന്നുമാസത്തെ ഇ.പി.എഫ്.

 

വിഹിതം അടയ്ക്കാനായി വരുന്ന 2500 കോടി രൂപയും ഖജനാവിൽനിന്നാകും. രണ്ടും ചേർന്നാൽ 12,500 കോടി രൂപ വരും.

 

 

രണ്ടാം ദിവസം ആകെ 3.10 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു.

 

 

ഇതിലാകട്ടെ എട്ടു കോടിവരുന്ന തൊഴിലാളികൾക്ക് രണ്ടുമാസത്തെ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിനായി 3500 കോടി രൂപ നീക്കിവെച്ചു. മുദ്ര-ശിശു വായ്പകൾക്കുള്ള സബ്‌സിഡിയിനത്തിൽ മറ്റൊരു 1500 കോടി രൂപയും. കർഷകർക്കായി പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ അടിയന്തര ഫണ്ട് നബാർഡ് വഴിയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. 

 

കിസാൻ ക്രെഡിറ്റ് കാർഡുകൾവഴി പലിശയിളവുള്ള രണ്ടു ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്കു നൽകുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.

 

സബ്‌സിഡിക്കായി എത്ര തുക നീക്കിവെച്ചുവെന്നതിൽ വ്യക്തതവരുത്തിയിട്ടില്ല. കെ.സി.സി. വായ്പകൾക്കുള്ള സബ്‌സിഡി മാറ്റിനിർത്തിയാൽ 5000 കോടി രൂപയാണ് രണ്ടാംദിനം സർക്കാർ നേരിട്ടു ചെലവഴിക്കുന്നത്.

 

മൂന്നാം ദിനം ആകെ ഒന്നരലക്ഷം കോടി രൂപയുടെ പദ്ധതികൾ മാത്രമാണ്‌ പ്രഖ്യാപിച്ചത്. ഇതിൽ ചെറുകിട ഭക്ഷ്യസംസ്കരണ പദ്ധതികൾക്ക് 10,000 കോടി, പ്രധാനമന്ത്രി മത്സ്യ സമ്പാദന പദ്ധതിക്കായി 20,000 കോടി, വളർത്തുമൃഗങ്ങളുടെ വാക്സിനേഷനായി 13,343 കോടി, പാൽ സംസ്കരണ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 15,000 കോടി, ഔഷധസസ്യകൃഷിക്ക് 4000 കോടി, തേനീച്ചവളർത്തലിനും ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറി വിഭവങ്ങളുടെ വിപണന സംവിധാനത്തിനും ചേർന്ന് 1000 കോടി എന്നിങ്ങനെയും നീക്കിവെച്ചു.

 

ഇതെല്ലാം നേരിട്ട് സർക്കാർ ചെലവഴിക്കുന്നതായിരിക്കും.

നാലും അഞ്ചും ദിവസങ്ങളിലായി കൂടുതലും സ്വകാര്യവത്കരണ നയങ്ങളും നിയമപരിഷ്കരണ നടപടികളുമാണ് പ്രഖ്യാപിച്ചത്.

 

സ്വകാര്യമേഖലയിലെ ആശുപത്രി നിർമാണങ്ങൾക്ക് സർക്കാർ സഹായമായി 8100 കോടി രൂപ ചെലവഴിക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ പണമെത്തിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക നീക്കിവെച്ചുവെന്നതാണ് അഞ്ചാം ദിനത്തിലെ പ്രത്യേകത. 40,000 കോടി രൂപ ഇതിനായി മാറ്റിവെക്കുകയും ചയ്തു . 

 

మరింత సమాచారం తెలుసుకోండి: