പത്തോളം സിനിമകളുടെ തുടർ പരാജയങ്ങൾക്ക് ശേഷം ദിലീപിന്റെ പവി കെയർടേക്കർ തിയേറ്ററുകളിലെത്തുമ്പോൾ? കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ദിലീപിന്റെ ചിത്രങ്ങളൊന്നും പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തത് കൊണ്ട് തന്നെ പവി കെയർ ടേക്കർ എന്ന ചിത്രത്തിനും വലിയ പ്രതീക്ഷയൊന്നും ഇന്നലെ വരെ ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്ത് വന്നതോടെ ആ അഭിപ്രായത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ, പഴയ ദിലീപ് ചിത്രത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കാവാം ഇതെന്നാണ് ഭൂരിപക്ഷാഭിപ്രായം. കുടുംബ പശ്ചാത്തലത്തിൽ വരുന്ന കോമഡി ചിത്രങ്ങൾ എക്കാലവും വിജയിച്ചിട്ടുണ്ട്. അത് കോമാളിത്തരത്തിലേക്ക് പോകാതെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ഏറ്റവും വലിയ കടമ്പ. അടുത്തിടെ പരാജയപ്പെട്ട ചില ദിലീപ് ചിത്രങ്ങൾക്ക് സംഭവിച്ചതും അതായിരുന്നു.




എന്നാൽ പവി കെയർ ടേക്കറിലേക്ക് എത്തുമ്പോൾ സിറ്റുവേഷൻ കോമഡികളാണ് കൂടുതൽ, ആവർത്തന വിരസതയില്ലാത്ത പല സന്ദർഭങ്ങളും, രസകരമായ രംഗങ്ങളും 2 മിനിട്ട് 35 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ കാണാൻ സാധിയ്ക്കുന്നു. കൊട്ടിഘോഷിച്ച് വന്ന ബാന്ദ്രയും തങ്കമണിയും എല്ലാം തിയേറ്ററിൽ അമ്പേ പരാജയപ്പെട്ടതിന് ശേഷം വീണ്ടുമൊരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തുന്നു. ദിലീപിനെ കൂടാതെ ജോണി ആന്റണി, രാധിക ശരത് കുമാറുമൊക്കെ സിനിമയിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അഞ്ച് പുതുമുഖ നായികമാരാണ് മറ്റൊരു ഹൈലൈറ്റ്. റിപ്പീറ്റഡ് വാല്യു ഉള്ള ഒത്തിരി ചിത്രങ്ങൾ ചെയ്ത ദിലീപിന്റെ ഒരു തിരിച്ചുവരവായിരിക്കും ഈ സിനിമ എന്ന് ട്രെയിലർ കണ്ട ജനം ഒരേ സ്വരത്തിൽ പറയുന്നു.പൂച്ചക്കണ്ണൻ വിനീത് എന്ന് മലയാളികൾ ഇഷ്ടത്തോടെ വിളിച്ച വിനീത് കുമാർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് പവി കെയർ ടേക്കർ.





അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾ മികച്ച സിനിമകളായിരുന്നെങ്കിലും എന്തുകൊണ്ടോ തിയേറ്റർ വിജയം നേടിയിരുന്നില്ല. ആ ജോണറിൽ നിന്നെല്ലാം മാറി, ഒരു കോമഡി മൂടിൽ കുടുംബ ചിത്രം ഒരുക്കുന്നത് ഇതാദ്യമാണ്. മുൻ ചിത്രങ്ങളിലെ പാകപ്പിഴകൾ പരിഹരിച്ചുകൊണ്ടുള്ള, മികച്ച ഒരു എന്റർടൈന്റമെന്റ് സിനിമയായിരിക്കും ഇതെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. പത്തോളം സിനിമകളുടെ തുടർ പരാജയങ്ങൾക്ക് ശേഷമാണ്, വലിയ പ്രതീക്ഷയോടെ ഒരു ദിലീപ് ചിത്രം വരുന്നത് എന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. തങ്കമണിയ്ക്കും, ബാന്ദ്രയ്ക്കും ഒക്കെ കൊടുത്ത വൻ ഹൈപ്പ് ഈ സിനിമയ്ക്ക് മനപൂർവ്വം അണിയറ പ്രവർത്തകർ നൽകിയിട്ടില്ല.





2017 ൽ റിലീസ് ചെയ്ത രാമലീലയ്ക്ക് ശേഷം ദിലീപിന്റെ കരിയറിൽ ഒരു ബോക്‌സോഫീസ് ഹിറ്റ് ഉണ്ടായിട്ടില്ല.
കമ്മാരസംഭവം, ശുഭരാത്രി, ജാക്ക് ആന്റ് ഡാനിയൽ, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, തട്ടാശ്ശേരി കൂട്ടം, വോയിസ് ഓഫ് സത്യനാഥൻ തുടങ്ങിയ സിനിമകളിലെല്ലാം ആക്ഷനും കോമഡിയും ത്രില്ലറും എല്ലാം പരീക്ഷിച്ചുവെങ്കിലും അതിനൊന്നും പ്രേക്ഷകർ ഇഷ്ടപ്പെട്ട പഴയ ദിലീപ് ചിത്രത്തോളം എത്താൻ സാധിച്ചില്ല. ഏപ്രിൽ 26 ന് ഈ പരാജയങ്ങൾക്കെല്ലാമുള്ള മറുപടി പവി കെയർടേക്കർ നൽകും എന്നാണ് ജനപ്രിയ നായകന്റെ ആരാധകരുടെ പ്രതീക്ഷ.

మరింత సమాచారం తెలుసుకోండి: