മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെ ഹിമാചല്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി എതിർത്  കേസ് അന്വേഷണം പോലീസിന് തുടരാം.

 

അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജൂലൈ ആറിന് പരിഗണിക്കുന്നത് വരെ ദുവയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും, ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് വിട്ടു. 

 

 

ദുവയ്ക്ക് എതിരായ കേസിന്റെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ ദുവയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

 

24 മണിക്കൂര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം പോലീസിന് ദുവയെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് ചോദ്യംചെയ്യാം. അടിയന്തിരമായി അറസ്റ്റ് തടയണം എന്ന ദുവയുടെ ആവശ്യം പരിഗണിച്ചാണ് അവധി ദിവസമായ ഇന്ന് ജസ്റ്റിസ് മാരായ യു.യു ലളിത്, എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക ബെഞ്ച് സിറ്റിംഗ് നടത്തി ഹര്‍ജി പരിഗണിച്ചത്.

 

 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ദുവയ്‌ക്കെതിരെ ഹിമാചല്‍ പോലീസ് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെ ഉള്ള ബി ജെ പി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് എതിരെയായിരുന്നു ദുവ പരിപാടിയില്‍ പരാമര്‍ശിച്ചത്.

 

 

 

ദുവയുടെ പരാമര്‍ശത്തിന് എതിരെ ബിജെപി പ്രവര്‍ത്തകരാണ് ഹിമാചല്‍ പൊലീസിന് പരാതി നല്‍കിയിരുന്നത്. വാര്‍ത്താ പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിനോദ് ദുവക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ചൂണ്ടിക്കാട്ടി.

 

 

ഇത്തരം വിഷയത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന രണ്ട് വാര്‍ത്താ ചാനലുകള്‍ ഒഴികെ മറ്റുള്ളവര്‍ പ്രതിസന്ധിയിലാകുമെന്നും സിംഗ് ചൂണ്ടിക്കാട്ടി.

 

എന്നാല്‍ ഈ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ കോടതി സിങിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് വികാസ് സിങ് ഖേദപ്രകടനം നടത്തി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിനോദ് ദുവ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ബി ജെ പി വക്താവ് നവീന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസിലെ അന്വേഷണവും ദുവയുടെ അറസ്റ്റും ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.

 

 

ഇതിന് പിന്നാലെ ആണ് ദുവയ്ക്കെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഹിമാചല്‍ പ്രദേശ് പോലീസ് രാജ്യദ്രോഹം ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

మరింత సమాచారం తెలుసుకోండి: