പിസി ജോർജിന്റെ ഹിന്ദുരാഷ്ട്ര വാദത്തെ വിമർശിച്ച് സത്യദീപം! 'ചുവടുതെറ്റുന്ന മതേതര കേരളം' എന്ന തലക്കെട്ടിൽ എത്തിയ എഡിറ്റോറിയൽ ലേഖനത്തിലാണ് രൂക്ഷവിമർശനമുണ്ടായത്. പിസി ജോർജിനെ പേരെടുത്ത് പറയാതെ വിമർശിച്ച് സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ഒപ്പം വിദ്യാർത്ഥികളായ നവീനും ജാനകിയും ചേർന്ന് അവതരിപ്പിച്ച നൃത്തത്തിൽ മതപശ്ചാത്തലം വെളിപ്പെടുത്തിയ അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റിനേയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ നൃത്തത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളിലും സത്യദീപം വിമർശനമുന്നയിച്ചിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ച് കഴിയുന്ന സഹവർത്തിത്വത്തിന്റെ സന്തോഷം ‘മതേതര’ കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരെ വരുന്നയാൾ നമ്മുടെ എതിർപക്ഷത്താണെന്ന മുന്നറിയിപ്പുകൾ മുൻപിൽ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്.



 ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈൻ എന്നും മുഖപ്രസംഗത്തിൽ കുറിക്കുന്നു. സംശയം വ്യക്തികൾക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവേഗം മാറിത്തീർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിർവ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടിൽ രണ്ട് തട്ടിലായി പാർട്ടികളുടെ പ്രചാരണ പ്രവർത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതിൽ പ്രീണനത്തിന്റെ ഈ പ്രതിനായകർ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോൾ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ് സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു. 



മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമമന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിന്റെ നിഴൽ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റമെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ഏറ്റവും ഒടുവിൽ 2030-ൽ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു.


മതേതരത്വത്തെ ഇനി മുതൽ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടിൽ ചില തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം.ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല എന്നും ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  

Find out more: