പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയായുമായി കമൽ ഹാസൻ. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധസ്ഥലത്തെത്തിയ താരത്തെ ക്യാംപസിൽ കയറ്റാൻ പോലീസ് അനുവദിച്ചില്ല. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കമൽ ഹാസനെ ക്യാംപസിൽ കയറ്റാതെ പോലീസ് തടയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം, പോലീസ് നടപടി അനീതിയാണെന്നായിരുന്നു കമൽ ഹാസന്‍റെ പ്രതികരണം.

 

 

      പൗരത്വ ബില്ലിനെതിരെ ഡൽഹി ജാമിയ മില്ലിയ സര്‍വകലാശാലയിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ മറ്റു സര്‍വകലാശാലകളിലേയ്ക്ക് പടരുകയായിരുന്നു. രാജ്യത്ത് 22ലധികം മുൻനിര സര്‍വകലാശാലകളിലും മറ്റു കോളേജുകളിലും പ്രതിഷേധം നടക്കുന്നുണ്ട്.രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാകുകയും വിലക്കയറ്റം കുതിച്ചു കയറുകയും ദരിദ്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുമ്പോള്‍ നിയമ ഭേദഗതി കൊണ്ടുവരാൻ തിടുക്കം കൂട്ടിയത് എന്തിനാണെന്ന് കമൽ ഹാസൻ ചോദിച്ചു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുകയും ശ്രീലങ്കയിൽ നിന്നുള്ള ഹിന്ദുക്കള്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നതെന്നും കമൽ ഹാസൻ ചോദിച്ചു.

 

    പൗരത്വ നിയമ ഭേദഗതിയ്ക്ക് പിന്നാലെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാൽ അതിനെ എതിര്‍ത്ത് ഏതറ്റം വരെയും പോകുമെന്നും കമൽ ഹാസൻ വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുകയാണ്. നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് ക്യാംപസിൽ കയറി മര്‍ദ്ദിച്ചതിനെതിരെ സിനിമാ മേഖലയിലെ പല താരങ്ങളും രംഗത്ത് വന്നുകഴിഞ്ഞു.

 

 

    മലയാള സിനിമാ മേഖലയിൽ നിന്ന് നടന്മാരായ പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, ആന്റണി വര്‍ഗീസ് എന്നിവരും നടിമാരായ പാര്‍വതി തിരുവോത്ത്, അമല പോള്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രജിഷ വിജയന്‍, അനശ്വര രാജൻ ഉൾപ്പെടെയുള്ളവര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും വിദ്യാര്‍ത്ഥികളെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

మరింత సమాచారం తెలుసుకోండి: