കെ ഫോൺ പദ്ധതിക്ക് ഇന്ന് തുടക്കം: സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ ഇനി കേരളത്തിൽ! രാജ്യത്ത് തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷനാണ് കെ ഫോൺ. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും കെ ഫോൺ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാകും. കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിൽ വരെ വിപുലമായ നെറ്റ് വർക്ക് സേവനം ലഭ്യമാക്കുക എന്നതും കെ ഫോൺ പദ്ധതിയുടെ ലക്ഷ്യമാണ്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകളും സർക്കാർ ഓഫീസുകളിൽ സേവനങ്ങൾക്കായി എത്തുന്നവർക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വർക്കും ഒരുക്കുമെന്നും കെ ഫോൺ പറയുന്നു.വിപുലമായ വരുമാന മാർഗ്ഗം കൂടിയാണ് കെഫോൺ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്.
ജില്ലയിലെ 13 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും കെ-ഫോൺ ഉദ്ഘാടന ചടങ്ങുകൾ നടക്കും. കുരുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് നടക്കുന്ന എലത്തൂർ നിയോജക മണ്ഡലതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. നല്ലളം സ്‌കൂളിൽ നടക്കുന്ന ബേപ്പൂർ മണ്ഡലം ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുക്കും. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല ഉദ്ഘാടനം സേവിയോ ഹയർ സെക്കന്ററി സ്‌കൂളിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലേക്കുമാണ് കെ-ഫോൺ ഇന്റർനെറ്റ് എത്തുക. അതേസംയം കെ ഫോൺ ഇന്റർനെറ്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ഹയർ സെക്കന്ററി സ്‌കൂളിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പൂവമ്പായി എ.എം ഹയർസെക്കന്ററി സ്‌കൂളിൽ കെ.എം സച്ചിൻ ദേവ് എംഎൽഎ, കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ, കൊടിയത്തൂർ ജി എം യു പി സ്‌കൂളിൽ ലിന്റോ ജോസഫ് എംഎൽഎ, കുന്ദമംഗലം എച്ച് എസ് എസ് സ്‌കൂൾ ഹാളിൽ പി ടി എ റഹീം എംഎൽഎ, ഓർക്കാട്ടേരി പഞ്ചായത്ത് ഹാളിൽ കെ കെ രമ എംഎൽഎ, ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ടി.പി. രാമകൃഷ്ണൻ എം എൽ എ, വരകുന്ന് ഗവ. ഐ.ടി.ഐയിൽ കാനത്തിൽ ജമീല എംഎൽഎ, എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇ.കെ വിജയൻ എംഎൽഎ എന്നിവരും കെ ഫോണിന്റെ മണ്ഡലതല ഉദ്ഘാടനം നിർവഹിക്കും. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ആകെയുള്ള 2614 സർക്കാർ സ്ഥാപനങ്ങളിലായി 1479 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമായി. ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 13 നിയമസഭ മണ്ഡലങ്ങളിലെയും 1300 കുടുംബങ്ങൾക്കും കണക്ഷൻ നൽകും . ഇതിൽ നിലവിൽ 1195 ബി പി എൽ കുടുംബങ്ങളിൽ കെ-ഫോൺ അനുവദിക്കുന്നതിന്റെ സർവ്വേ നടപടികൾ പൂർത്തിയാക്കി കണക്ഷൻ നൽകുന്ന ജോലികൾ ആരംഭിച്ചു.
നിലവിൽ 36 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി. ബാക്കിയുള്ള വീടുകളിൽ കണക്ഷൻ നൽകുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരള വിഷനാണ് വീടുകളിൽ കണക്ഷൻ എത്തിക്കുന്ന കരാർ ഏറ്റെടുത്തിരിക്കുന്നത്.
കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലെയും ബിപിഎൽ കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകുന്നത്.ജില്ലയിൽ കെ-ഫോണിനായി മൊത്തം 2595.482 കി.മീ ദൂരത്തിലാണ് ലൈൻ വലിക്കേണ്ടത്. ഇതിൽ ദേശീയ പാത പ്രവൃത്തി കാരണവും റെയിൽവേ ക്രോസിംഗും വരുന്ന 210 കി മീ ദൂരം ഒഴികെയുള്ള സ്ഥലങ്ങളിൽ കേബിൾ വലിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. കെ-ഫോൺ ഇന്റർനെറ്റ് വിതരണം ബന്ധിപ്പിക്കുന്ന പോയിന്റ്‌സ് ഓഫ് പ്രസൻസുകളും സ്ഥാപിച്ചു. ജില്ലയിലെ 26 കെ എസ് ഇ ബി സബ് സ്റ്റേഷനുകളിലാണ് പോയന്റ്‌സ് ഓഫ് പ്രസൻസ് സ്ഥാപിച്ചിരിക്കുന്നത്.
കെ ഫോണിന്റെ കേബിളുകളും ട്യൂട്ടർ, സ്വിച്ച്, 24 മണിക്കൂർ വൈദ്യുതി, യുപിഎസ്, ബാറ്ററികൾ, ഇൻവെർട്ടർ, എയർകണ്ടീഷൻ എന്നിവയാണ് പോയിന്റസ് ഓഫ് പ്രസൻസിൽ സജ്ജീകരിച്ചിരുക്കുന്നത്. 26 സബ് സ്റ്റേഷനുകൾ വഴി ജില്ലയിലെ കെ- ഫോൺ കണക്ഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയിന്റ് ഓഫ് പ്രസൻസ് (പി ഒ പി) ചേവായൂർ സബ് സ്റ്റേഷനിലാണ് സ്ഥാപിച്ചിട്ടുള്ളത്. പി ഒ പി യുടെ നിർമ്മാണ പ്രവൃത്തി ഒരു വർഷം മുമ്പേ തന്നെ പൂർത്തീകരിച്ചിരുന്നു
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.
Find out more: