രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചതിനു പിന്നാലെ ബിജെപിയ്ക്കെതിരെ ആരോപണവുമായി കോൺഗ്രസ്! ശനിയാഴ്ചയായിരുന്നു രാഹുൽ ഗാന്ധിയ്ക്കെതിരെ ട്വിറ്ററിൻ്റെ നടപടി. പീഡനക്കേസിലെ ഇരയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടെന്ന് ആരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷനും ബിജെപിയും രാഹുൽ ഗാന്ധിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പോക്സോ കേസിലെ ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തു വിട്ടതിൻ്റെ പേരിൽ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ താത്കാലികമായി മരവിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരിക്കുകാണെന്നും ഇത് പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു. 




    കോൺഗ്രസിൻ്റെ മറ്റു സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുമെന്നും പാർട്ടി അറിയിച്ചു. ബാലാവകാശ കമ്മീഷൻ നൽകിയ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിയുടെ വിവാദ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാനായി പോയ പെൺകുട്ടിയെ വീട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി ഷോക്കേറ്റു മരിച്ചെന്നായിരുന്നു ശ്മശാനത്തിലെ ജീവനക്കാർ അറിയിച്ചത്. എന്നാൽ വീട്ടുകാരുടെ സമ്മതം കൂടാതെ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചെന്നും പോലീസിനെ അറിയിക്കുകയോ പോസ്റ്റ്‍‍മോർട്ടം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.




   സംഭവത്തിൽ പോലീസിനെതിരെ ആരോപണം ഉയരുന്നതിനിടെയാണ് രാഹുൽ ഗാന്ധി മരിച്ച കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചത്. ഇവരോടൊപ്പമുള്ള രാഹുലിൻ്റെ ചിത്രങ്ങളും വൈറലായിരുന്നു.കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ശ്മശാനത്തിൽ വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്നു കരുതപ്പെടുന്ന പെൺകുട്ടിയുടെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചത്. മരിച്ച ഒൻപതു വയസുകാരിയ്ക്ക് നീതി ലഭ്യമാക്കുന്നതിനു പകരം ട്വിറ്ററിനെ ഭീഷണിപ്പെടുത്താനും രാഹുൽ ഗാന്ധിയെ വേട്ടയാടാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.





 പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കാൻ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിച്ചാൽ ഡൽഹി കൂടുതൽ സുരക്ഷിതമായ സ്ഥലമായി മാറുമെന്നും പാർട്ടി വക്താവ് രൺദീപ് സുർജേവാലാ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തോടു പറഞ്ഞു. അതേസമയം, ട്വിറ്ററിൽ കേന്ദ്രസർക്കാർ അമിതാധികാരം കാണിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പീഡനക്കേസിലെ ഇരയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടെന്ന് ആരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷനും ബിജെപിയും രാഹുൽ ഗാന്ധിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. 

Find out more: