ബഫർസോൺ; സർക്കാരിന് ഒരു അവ്യക്തതയും ഇല്ലെന്ന് മുഖ്യമന്ത്രി! ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ബഫർസോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ഉറച്ച നിലപാടെന്നും മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബഫർസോൺ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാർക്കോ കർഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങൾ ബഫർസോൺ ആക്കാൻ പ്രായോഗികമായുള്ള പ്രയാസങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.
ജനവാസ പ്രദേശങ്ങൾ വ്യക്തമാക്കി നിർമ്മാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം സഹിതമുള്ള തെളിവുകളും ഹാജരാക്കും. സുപ്രീംകോടതിയിൽ കേരളം ഫയൽ ചെയ്ത പുന:പരിശോധനാ ഹർജി ഹിയറിങ്ങിനു വരുമ്പോൾ ഈ തെളിവുകൾ പൂർണതോതിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകുകയുള്ളൂ. സുപ്രീംകോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശങ്ങൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുൻപാകെ തെളിയിക്കുന്നതിനാണ് എല്ലാ നിർമ്മാണങ്ങളും ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നത്. എൻഡിഎ സർക്കാർ ഭരണത്തിലിരിക്കുമ്പോഴുള്ള 2002 ലെ വൈൽഡ് ലൈഫ് കൺസർവേഷൻ സ്ട്രാറ്റജിയുടെ ചുവടുപിടിച്ചാണ് 10 കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്തുന്നത് എന്ന് യുപിഎ സർക്കാർ വ്യക്തമാക്കിയിരുന്നു. ബഫർസോൺ വിഷയത്തിൽ ജയറാം രമേശ് കടുത്ത നിർബന്ധബുദ്ധിയാണ് കാണിച്ചത്.
സംസ്ഥാന സർക്കാരുകൾ ബഫർസോൺ മനപ്പൂർവ്വം നടപ്പാക്കാതിരിക്കുകയാണെന്ന് 2010 ൽ തന്നെ അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് 2011 ഫെബ്രുവരി ഒൻപതിനാണ് വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കുചുറ്റും കേന്ദ്ര സർക്കാരിൻ്റെ ബഫർസോൺ പ്രഖ്യാപനം ഉണ്ടായത്. ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബഫർസോൺ പ്രഖ്യാപനം നടത്തിയത്. കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റർ വരെ ബഫർസോൺ വേണമെന്നാണ് പിന്നീട് യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചത്. 2013 ൽ പൂജ്യം മുതൽ 12 കിലോമീറ്റർ വരെ ബഫർസോൺ പ്രഖ്യാപിക്കണമെന്ന് അന്നത്തെ സർക്കാർ ഉമ്മൻ ചാണ്ടി തീരുമാനിച്ചു. നിശ്ചയിച്ച ബഫർസോൺ മേഖലയിൽ നിന്നും മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം അന്ന് എടുത്തെങ്കിലും അതിനു ആവശ്യമായ രേഖകൾ കേന്ദ്രത്തിന് യഥാസമയം സമർപ്പിച്ചില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2016 ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആളുകളുടെ ജീവിതം, ഉപജീവനം എന്നിവയെ ബാധിക്കാത്ത വിധത്തിൽ ബഫർസോൺ ഏർപ്പെടുത്താനാണ് നിലപാടെടുത്തത്. അതിനായി വിവിധ തലത്തിലുള്ള ചർച്ചകൾ സർക്കാർ മുൻകൈയിൽ നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൂജ്യം മുതൽ 12 കിലോമീറ്റർ എന്നതിൽ നിന്നും ബഫർസോൺ പരിധി പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ നിജപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഇതുസംബന്ധിച്ച് 2019 ഒക്ടോബർ 31 ന് മന്ത്രിസഭ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര വിദഗ്ദ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ സമയബന്ധിതമായി യുഡിഎഫ് സർക്കാർ നൽകിയില്ല.
Find out more: