മോൻസൺ  മാവുങ്കാലിലെ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു! ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിൻറെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുക. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കി. സാമ്പത്തികത്തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി.  ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജൻ, കോഴിക്കോട് വിജിലൻസ് എസ് പി പി സി സജീവൻ, ഗുരുവായൂർ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി - ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്പെക്ടർ എം കെ മുരളി, എളമക്കര സബ് ഇൻസ്പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്പെക്ടർ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങൾ.





   ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.  കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് മോൻസൺ മാവുങ്കലിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് മേധാവിയടക്കം ചോദ്യം ചെയ്യുകയും എറണാകുളം കലൂരിലെ ഇയാളുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പും നടത്തുകയും ചെയ്തിരുന്നു. അതേസമയം സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസണെ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം ഒമ്പതുവരെയാണ് എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതി മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്തത്. 






  നേരത്തെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം രണ്ടും തവണ കോടതി മോൻസൺ മാവുങ്കലിനെ കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു.രണ്ടു തവണയായി ആറു ദിവസത്തേയ്ക്കായിരുന്നു കസ്റ്റഡിയിൽ വിട്ടു നൽകിയത്. കോഴിക്കോട് സ്വദേശികളായ ആറുപേരും, തിരുവനന്തപരും സ്വദേശിയായ ശിൽപി സുരേഷ് എന്നിവർ നൽകിയ പരാതികളടക്കം നാലു കേസുകളാണ് മോൻസൺ മാവുങ്കലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം മോൻസണുമായി  അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് ചേർത്തല സി.ഐ.യെ സ്ഥലംമാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് ചേർത്തല സി.ഐ. പി. ശ്രീകുമാറിനെ സ്ഥലംമാറ്റിയത്.  എന്നാൽ കേസിൽ ആരോപണവിധേയനായ എറണാകുളം സെൻട്രൽ എ.സി. ലാൽജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം റൂറൽ അഡീഷണൽ എസ്.പി.യായാണ് ലാൽജിയുടെ പുതിയ നിയമനം.  





 ചേർത്തല സ്വദേശിയായ വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസൺ (52) എന്ന വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിൽ എത്തിയപ്പോഴായിരുന്നു മോൺസനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. തങ്ങളിൽനിന്ന് 2017 ജൂൺ മുതൽ 2020 നവംബർ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് മോൺസന്റെ അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശികളായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീർ, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോൻ, തൃശൂർ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവരാണു പരാതിക്കാർ.
 

Find out more: