വീണ്ടും സജി ചെറിയാൻ മന്ത്രിയാകുമോ? കേസുകളിൽ നിന്ന് മുക്തനായതോടെ സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താൻ മറ്റ് തടസങ്ങളൊന്നും ഉണ്ടാകില്ല. ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന വിവാദത്തെ തുടർന്ന് രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയായേക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും.നിലവിൽ സജി ചെറിയാന് കോടതിയിൽ കേസില്ലെന്നും വിവാദം ഉയർന്നപ്പോൾ പാർട്ടി നിലപാട് എടുത്തതു കൊണ്ടാണ് അദ്ദേഹം രാജിവച്ചതെന്നുമാണ് എംവി ഗോവിന്ദൻ കഴിഞ്ഞദിവസം പറഞ്ഞത്. സജി ചെറിയാനെതിരെ കേസ് ഉള്ളതു കൊണ്ടുമാത്രമല്ല ധാർമികതയും പരിഗണിച്ചാണ് പാർട്ടി നിലപാട് എടുത്തത്. കോടതി വിധി ഇല്ലായിരുന്നിട്ടും സജി ചെറിയാൻ മന്ത്രി സ്ഥാനത്തുനിന്ന് മാറി.
സജി ചെറിയാൻറെ കാര്യത്തിൽ ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളത്തിൽ പറഞ്ഞിരുന്നു.പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സിപിഎം യോഗത്തിലായിരുന്നു സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഇത് ചർച്ചയായതോടെ ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമർശിച്ചെന്നുമാണ് പോലീസ് റിപ്പോർട്ട്. സിപിഎം നേതാവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതും മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാക്കിയേക്കും.
തൃശൂരിൽ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത് കൊണ്ടാണ് വെളളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ താമസിയാതെ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും. തൻ്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ട്. എൻ്റെ ഭാവിയും ഊഴവും പാർട്ടി തീരുമാനിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഇല്ല. ഏറ്റവും നല്ല ഒരു വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സജി ചെറിയാൻ പ്രതികരണം നടത്തിയത്. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചുവെന്നതിൻ്റെ പേരിൽ രാജിവെച്ച സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമാണ്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പോലീസ് കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രസംഗത്തിലൂടെ ഭരണഘടനയെ അവഹേളിക്കാൻ സജി ചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടെയാണ് സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലേക്കുള്ള സജി ചെറിയാൻ്റെ തിരിച്ചുവരവ് സിപിഎം നേതൃത്വത്തിൻ്റെ മുന്നിൽ സജീവമായത്. ഇക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.
Find out more: