
യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും ഒരു യൂറോപ്യൻ രാജ്യത്തിലൂടെയോ അല്ലെങ്കിൽ സ്‌കോട്ട്‌ലാന്റ്, വെയിൽസ് അല്ലെങ്കിൽ വടക്കൻ അയർലാന്റ് വഴിയോ യാത്ര ചെയ്തുകൊണ്ട് അവരുടെ ഫ്‌ളൈറ്റ് റൂട്ടിൽ മാറ്റങ്ങൾ വരുത്തണം. ഇവരെല്ലാം ക്വാറന്റൈൻ നയങ്ങൾ പാലിക്കേണ്ടതുണ്ട്. മുമ്പ്, ഖത്തറിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് യുകെയിലേക്ക് പോകാൻ അനുവാദം ഉണ്ടായിരുന്നെങ്കിലും അവിടെയെത്തിയ എല്ലാ യാത്രക്കാരെയും നിർബന്ധിത ക്വാറന്റൈന് വിധേയമാക്കിയിരുന്നു.യുകെയിൽ പ്രവേശിക്കുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് 1,500 പൗണ്ടിൽ കൂടുതൽ വേണ്ടിവരും.യുകെയിലെ ഗതാഗത വകുപ്പ് തിങ്കളാഴ്ച വൈകുന്നേരമാണ് തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം കൊവിഡിന്റെ പുതിയ തരംഗം റിപ്പോർട്ട് ചെയ്തതിന്റെ പിന്നാലെ ഇറ്റലി വീണ്ടും ലോക്ക്ഡൗണിലേയ്ക്ക്. അടുത്തയാഴ്ച മുതൽ രാജ്യത്തെ മിക്കയിടത്തുമുള്ള സ്‌കൂളുകൾ, റെസ്‌റ്റോറന്റുകൾ, ഷോപ്പുകൾ, മ്യൂസിയങ്ങൾ തുടങ്ങിയവ അടച്ചിട്ടേക്കും. റോം, മിലാൻ എന്നിവ ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളെയും തിങ്കളാഴ്ച മുതൽ ഉയർന്ന അപകടസാധ്യതയുള്ള ചുവന്ന മേഖലകളായി തിരിക്കും. ജോലി, ആരോഗ്യം, മറ്റ് അവശ്യ കാരണങ്ങൾ ഒഴികെ എല്ലാവരും വീട്ടിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നടപടികൾ കൈക്കൊള്ളാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.കൊവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി.
കൊവിഡിന്റെ പൊട്ടിത്തെറി നേരിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് രാജ്യത്തെ കൊറോണവൈറസിന്റെ പുതിയ തരംഗത്തെ കുറിച്ച് പ്രധാനമന്ത്രി മരിയോ ഡ്രാഗി വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയത്. നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ നീണ്ടുനിൽക്കും. ഏപ്രിൽ 3- 5 തീയതികളിൽ ഈസ്റ്റർ വാരാന്ത്യത്തിൽ ഇറ്റലി മുഴുവൻ ചുവന്ന മേഖലയായി മാറും. 'ആരോഗ്യ അടിയന്തരാവസ്ഥ ആരംഭിച്ച് ഒരു വർഷത്തിലേറെയായി, നിർഭാഗ്യവശാൽ പുതിയൊരു അണുബാധയെ രാജ്യം അഭിമുഖീകരിക്കുകയാണ്', റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിലെ ഒരു പുതിയ വാക്‌സിനേഷൻ കേന്ദ്രം സന്ദർശിച്ച ഡ്രാഗി പറഞ്ഞു.