ചട്ടം ലംഘിച്ചുള്ള നിർമാണത്തിനു പിടി വീഴാൻ പോകുന്നു;വീടുവീടാന്തരം പരിശോധനയ്ക്കൊരുങ്ങി സർക്കാർ! കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികളും കൂട്ടിച്ചേർക്കലുകളും കണ്ടെത്തുന്നതിന് വീടുവീടാന്തരം കയറി പരിശോധന നടത്താനാണ് ഒരുങ്ങുന്നത്. ചട്ടം ലംഘിച്ചുള്ള കെട്ടിട നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ. വിവരങ്ങൾ കെട്ടിട ഉടമ അറിയിച്ചാലും ഇല്ലെങ്കിലും ശരിയായ വിവരം ഫീൽഡ് ഓഫീസർമാർ പരിശോധിച്ച് സോഫ്റ്റ്വെയറിൽ ചേർക്കുകയും മാറ്റം വന്ന കാരം മുതലുള്ള അധിക നികുതി നിർണയിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾക്കായി ഡേറ്റാ എൻട്രിക്കുമായി സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയോഗിക്കുമെന്നും മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു.
2019ലെ കെഎംബിആർ, കെപിബിആർ ചട്ടം 4 (1) അനുസരിച്ച് ഏതൊരു കെട്ടിടം നിർമിക്കുന്നതിനും പുനർനിർമിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും വിപുലീകരിക്കുന്നതിനും മാറ്റം വരുത്തുന്നതിനും, നിലവിലെ കെട്ടിടത്തിന്റെ വിനിയോഗം മാറ്റുന്നതിനും പ്ലോടട്ട് തിരിച്ചുള്ള ഏതൊരു ഭൂവികസനത്തിനും പുനർവികസനത്തിനും പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റ് സെക്രട്ടറിയുടെ അനുമതി ലഭ്യമാക്കേണ്ടതാണ്.
കെട്ടിടനിർമാണ ചട്ടം 69 അനുസരിച്ച് പൊതുനിരത്തിനോടോ പൊതുസ്ഥലത്തിനോടോ പൊതു ജലാശയത്തിനോടോ ചേർന്ന് നിർമിക്കുന്ന മതിലിന് അനുമതി ആവശ്യമാണ്. അതേസമയം, മറ്റ് വശങ്ങളിൽ മതിൽ നിർമിക്കുന്നതിന് അനുമതിയുടെ ആവശ്യമില്ല. അനുമതി ആവശ്യമുള്ള ചട്ടപ്രകാരമുള്ള ഫീസ് അടയ്ക്കേണ്ടുണ്ട്. കൂടാതെ നിർമാണം പൂർത്തിയായതിന് ശേഷം ചട്ടം 71 പ്രകാരം കംപ്ലീഷൻ റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതുണ്ട്.
കിണർ കുഴിക്കുന്നതിനും സെപ്റ്റിക് ടാങ്ക് കെട്ടുന്നതിനും അനുമതി ആവശ്യമാണ്. ചട്ടം 75 അനുസരിച്ച് കിണർ കുഴിക്കുന്നതിന് ലഭ്യമാക്കേണ്ട അനുമതിയുയായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പ്രതിപാദിക്കുന്നു. സെപ്റ്റിക് ടാങ്കിന് ചട്ടം 79 (4) അനുസരിച്ച് ഏകകുടുംബ വാസഗൃഹങ്ങൾക്ക് അതിരിൽനിന്നും 1.2 മീറ്റർ അകലത്തിലും സെപ്റ്റിക് ടാങ്ക് നൽകാവുന്നതാണ്. കെട്ടിടത്തിന്റെ നികുതി തീരുമാനിച്ചതിന് ശേഷം തറ വിസ്തീർണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നാണ് ചട്ടം. അത് നൽകാത്ത പക്ഷം 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയിൽ കൂടുതലുള്ള തുക പിഴയായി ചുമത്തും. കെട്ടിടം വിറ്റാൽ ഉടമ 15 ദിവസതത്തിനുള്ളിൽ തദ്ദേശ സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ 500 രൂപയാണ് പിഴയായി ഈടാക്കുന്നത്.
ഇതൊഴിവാക്കാൻ മേയ് 15നുള്ളിൽ സിറ്റിസൻ പോർട്ടൽ വഴി ഓൺലൈനായോ നേരിട്ടോ തദ്ദേശ സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്. 60 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് കെട്ടിടനികുതിയില്ല. ഒരാൾക്ക് ഒരു വീടിന് മാത്രമേ ഇളവ് ലഭിക്കൂ. അതേസമയം, വില്ലകൾക്ക് ഇളവില്ല. സർക്കാരിന്റെ ലൈഫ്, പുനർഗേഹം എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ബഹുനില കെട്ടിടങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. നിരവധി കാര്യങ്ങൾക്ക് പിഴ ഈടാക്കുന്നുണ്ടെങ്കിലും ചിലകാര്യങ്ങൾക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രില്ലോ ഭിത്തിയോ സ്ഥാപിച്ച് തിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കിൽ നികുതിയില്ല. ഷീറ്റ്, ഓട് മേഞ്ഞ ടെറസ്, മേൽക്കൂര എന്നിവയക്കും നികുതിയില്ല. അതിന് പുറമെ, കെട്ടിടത്തിന് രൂപമാറ്റം വരുത്തിയത് ഈ മാസം 31നു ശേഷമാണെങ്കിൽ 2022–23 വർഷത്തെ നികുതിയിൽ ഉൾപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്.
Find out more: