സംവിധായകനായ ഷാജി കൈലാസ് എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമായ കടുവ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ച് ഷാജി കൈലാസ്. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ഈ മാസം 16നാണ് ചിത്രീകരണം ആരംഭിച്ചിരുന്നത്.
 

രാജ്യത്താകമാനം കൊവിഡ് രണ്ടാംതരംഗം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ ഈ തീരുമാനം. കൊവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെ സംസ്ഥാനത്ത് ഇന്ന് 32,819 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കുമാണിത്.സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്നും ഷാജി കൈലാസ് അറിയിച്ചിരിക്കുകയാണ്.


സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന കടുവ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 'നമ്മുടെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് "കടുവ" സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്.
 


സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും, ആരോഗ്യത്തെയിരിക്കൂ, സുരക്ഷിതരായിരിക്കൂ', എന്നാണ് ഫേസ്ബുക്കിൽ ഷാജി കൈലാസ് കുറിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ മാസ് ചിത്രമെന്ന ലേബലോടെ തന്നെയാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.
 


കൂടാതെ പൃഥ്വിരാജിനും ഷാജി കൈലാസിനുമൊപ്പം ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജാക്‌സ് ബിജോയിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.മാസ് ചിത്രം എന്നാണ് ബിജോയ്യും കടുവയെ വിശേഷിപ്പിയ്ക്കുന്നത്. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച, സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജാക്‌സ് ബിജോയ് ആണ്.



ജിനു എബ്രഹാം ആണ് കടുവയ്ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Find out more: