കൊവിഡ് ഭേദമായവരിൽ ശ്വാസതടസ്സം, ശരീരവേദന, ക്ഷീണം തുടങ്ങിയ നീണ്ടു നിൽക്കുമെന്ന് ഇതിനോടകം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.എന്നാൽ കൊവിഡ് രോഗം ഭേദപ്പെട്ടവരുടെ കാലുകളിൽ ഗുരുതരമായ തരത്തിൽ രക്തം കട്ട പിടിക്കുന്ന പ്രശ്നം കണ്ടിട്ടുണ്ടെന്നും ഇത് ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കാലു നീക്കം ചെയ്യേണ്ടി വന്നേക്കാമെന്നാണ് ചില ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. അതായത് ലോകത്ത് ആദ്യമായി കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പോലും പിന്നിടാത്ത സാഹചര്യത്തിൽ രോഗം ദീര്‍ഘകാലയളവിൽ ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഇപ്പോഴും ആരോഗ്യവിദഗ്ധര്‍ക്ക് വ്യക്തമായ ധാരണയില്ല. 




 അത് മാത്രമല്ല രോഗലക്ഷണങ്ങളില്ലാതെ കൊവിഡ്-19 ബാധിക്കുകയും ഭേദപ്പെടുകയും ചെയ്തവരിൽ പിന്നീട് ഹൃദയധമനികളിലേയ്ക്ക് രക്തയോട്ടം കുറയുന്നതു മൂലം നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്ന ആറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 16നാണ് കുര്‍ളയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ. രോഹിത് ജയിന് കൊവിഡ്-19 പരിശോധനാഫലം പോസിറ്റീവായത്. ഇതിനു ആറു ദിവസത്തിനു ശേഷം ഇദ്ദേഹത്തിന് നടക്കാൻ പോലും കഴിയാത്ത വിധത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിൻ്റെ ഹൃദയധമനികളിലേയ്ക്കുള്ള രക്തത്തിൻ്റെ ഒഴുക്ക് രക്തക്കട്ടകള്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 




 ഇത് കൊവിഡ്-19ൻ്റെ ഭാഗമായുണ്ടാകുന്ന പ്രശ്നമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഡോക്ടറുടെ ശരീരത്തിൽ കാലുകളിലേയ്ക്ക് ഓക്സിജൻ എത്തിക്കുന്ന ധമനികളിൽ രക്തം കട്ട പിടിച്ചതുമൂലം ഒഴുക്ക് തടസ്സപ്പട്ട അവസ്ഥയായിരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ കാലുകളിൽ ഗാൻഗ്രീൻ ബാധിക്കുകയും തുടര്‍ന്ന് ഇരുകാലുകളും മുറിച്ചു നീക്കേണ്ടി വരുമായിരുന്നെന്നും ഇദ്ദേഹത്തെ ചികിത്സിച്ച ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. രാഹുൽ പണ്ഡിറ്റ് മുംബൈ മിററിനോടു പറഞ്ഞു. ചികിത്സ വിജയകരമായെങ്കിലും ഇദ്ദേഹത്തിന് വരുന്ന ആറുമാസത്തേയ്ക്ക് രക്തം അലിയിക്കുന്ന മരുന്നകുള്‍ കഴിക്കുകയും ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തുടരുകയും ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.




  കെഇഎം ആശുപത്രിയിൽ ഇത്തരം രോഗാവസ്ഥയുമായി എത്തിയ ഏഴു പേരിൽ നാലു പേരുടെ കാലുകള്‍ മുറിച്ചു നീക്കേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കാലുകളിലേയ്ക്കുളള രക്തത്തിൻ്റെ ഒഴുക്ക് നിലയ്ക്കുന്ന ലെഗ് ഇസ്കീമിയയുടെ ലക്ഷണങ്ങളുമായാണ് ഇവര്‍ ഏഴു പേരും ആശുപത്രിയിലെത്തിയതെന്നാണ് ആശുപത്രിയിലെ ഡീനായ ഡോ. ഹേമന്ത് ദേശ്മുഖ് പറുയന്നത്. ഇവരുടെ കാലുകള്‍ക്ക് കടുത്ത വേദനയും നിറംമാറ്റവുമുണ്ടായിരുന്നു.  "എനിക്ക് ഒരു 56കാരൻ്റെ വലതുകാൽ മുറിച്ചു നീക്കേണ്ടി വന്നു.



  രണ്ടാഴ്ചയോളം അദ്ദേഹം കൊവിഡ്-19 ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ആശുപത്രി വിട്ടത്. എന്നാൽ ഇരുകാലുകളിലും ഗുരുതരമായി ഗാൻഗ്രീൻ ബാധിച്ച ഒരു 60 വയസുള്ള സ്ത്രീയെ ഓപ്പറേറ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. അവര്‍ ആദ്യം സാധാരണ വാര്‍ഡിലായിരുന്നു. എന്നാൽ സ്ഥിതി മോശമായതോടെ മൂന്ന് ദിവസത്തിനു ശേഷം ഐസിയുവിലേയ്ക്ക് മാറ്റി. ആറു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഇവരുടെ കാലുകളിൽ നിറംമാറ്റം കണ്ടു തുടങ്ങി. 

Find out more: